അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു

കൊല്ലം: ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളുടെ രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്നും പൊലീസിന് സംശയമുണ്ട്. പ്രതികളെ കണ്ടെത്താനായി 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. ഭയമാകുന്നുവെന്ന് അബിഗേല്‍ പറഞ്ഞതോടെ കൂടുതല്‍ ചോദിക്കുന്നത് അവസാനിപ്പിച്ചു.

അതേസമയം, അബിഗേല്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയിലാണ് കുട്ടിയുള്ളത്. തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാന്‍ മരുന്ന് നല്‍കിയെന്ന് സംശയമുണ്ട്. അതിനാല്‍, കുട്ടിയുടെ മൂത്രവും രക്തവും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അബിഗേല്‍ ആഘാതത്തില്‍ നിന്ന് പൂര്‍ണമായും മുക്തി നേടാന്‍ സമയമെടുക്കും. അതിനാല്‍ സാവധാനം വിവരങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍ ഒപ്പമുണ്ട്.കുട്ടിയുമായി സംഘം വര്‍ക്കല ഭാഗത്തേക്ക് പോയെന്നാണ് കരുതുന്നത്.

പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാവും അന്വേഷണം. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടെയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശം, കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയില്‍ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *