നിതിൻ രാജിന്റെ മരണം അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണം: കെസി വേണുഗോപാൽ എംപി

തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു.

അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നിതിന്റെ രക്ഷിതാക്കളും സഹവിദ്യാർത്ഥികളും ഉന്നയിക്കുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തണം. ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരിൽ വലിയ അധിക്ഷേപമാണ് നിതിന് കോളേജിൽ നിന്ന് നേരിടേണ്ടിവന്നത്.

ഇതിനെതിരെ പരാതിപ്പെട്ടിട്ടും അതിന് വേണ്ട പരിഗണന നൽകിയില്ലെന്ന നിതിന്റെ രക്ഷിതാക്കാളുടെ ആക്ഷേപം ഗൗരവകരമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നീചമനസിന് ഉടമകളായ ചിലരുടെ ക്രിമിനൽ നടപടികൊണ്ട് തല്ലിക്കെടുത്തിയത്.ഇത്തരത്തിൽ നികൃഷ്ടമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവർ ഇപ്പോഴും അധ്യാപക സമൂഹത്തിലുണ്ടെന്നത് ഏറെ അപമാനകരമാണ്. രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല.പേരിനൊരു അന്വേഷണം നടത്തി പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ഉണ്ടായാൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും.

നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ നിയമപരമായ പോരാട്ടത്തിന് എല്ലാ സഹായവും നൽകും. ഇത്തരം ദുരന്തങ്ങൾ ഇനിയൊരു കോളേജിലും ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളാണ് സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു.പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും

ഇന്റേർണൽ മാർക്ക് കുറച്ചും പ്രതികാരം തീർക്കുമെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലിലൂടെ തന്നെ എത്രത്തോളം ഗുരുതരമായ സാഹചര്യമാണ് കോളേജിൽ നിലനിൽക്കുന്നതെന്ന് വ്യക്തമാണ്. സമാന കുറ്റകൃത്യത്തിന് വിദ്യാർത്ഥികളുടെ പരാതിയിൽ ശിക്ഷണ നടപടിക്ക് വിധേയനായ അധ്യാപകനെ വീണ്ടും തുടരാൻ കോളേജ് അധികൃതർ അനുവദിച്ചതും നിതിന്റെ ജീവനെടുക്കാൻ കാരണമായെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.