വിജയഭേരിയോടെ രാഹുല്‍ഗാന്ധി സഭയില്‍, ഇന്നത്തെ അവിശ്വാസ ചര്‍ച്ച നയിക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ഇടപെടലിലൂടെ ലോക് സഭാംഗത്വംതിരിച്ചുകിട്ടിയ രാഹുല്‍ഗാന്ധിക്ക് ഇന്ത്യ മുന്നണി എന്ന പ്രതിപക്ഷ കൂട്ടായ്മയിലും സ്വീകാര്യത ഉയര്‍ന്നു.മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിടുക രാഹുലാകും.അവിശ്വാസത്തിന് നോട്ടീസ് നല്‍കുമ്പോള്‍, രാഹുലിന് സഭാംഗത്വം നഷ്ടപ്പെട്ടിരുന്നു.രാഹുലിന്റെ സഭാ പ്രവേശത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ മധുരം പങ്കിട്ടും

പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൃത്തമാടിയും ആഘോഷമാക്കി. രാഹുലിന്റെ നേതൃത്വത്തെ മറ്റു പ്രതിപക്ഷ കക്ഷികള്‍ ഇനി ചോദ്യം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.രാഹുലിന് രാശി തെളഞ്ഞുവെന്നാണ് ഉന്നത നേതാവ് പ്രതികരിച്ചത്.അപകീര്‍ത്തികരമായ രീതിയില്‍ മോദി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സൂററ്റ് കോടതി രണ്ടുവര്‍ഷത്തെ തടവ്‌വിധിച്ചതോടെ മിന്നല്‍ വേഗത്തില്‍ ലോക് സഭാ സെക്രട്ടേറിയറ്റ്അയോഗ്യനാക്കുകയായിരുന്നു.

മാര്‍ച്ച് 24ന് റദ്ദാക്കിയ അംഗത്വമാണ് 136 ദിവസത്തിന് ശേഷം ഇന്നലെ രാവിലെ ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗിന്റെ പ്രത്യേക ഉത്തരവിലൂടെ പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവ് വന്നിട്ടും അംഗത്വം പുനഃസ്ഥാപിക്കാന്‍ വൈകുന്നത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുഗ്‌ളക്ക് ലെയിനിലെ 12-ാം നമ്പര്‍ ഔദ്യോഗിക വസതി തിരികെ നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ രാവിലെ 11.45ന് പാര്‍ലമെന്റിലെത്തിയ രാഹുലിനെ പ്രധാന കവാടത്തില്‍ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി എം.പിമാര്‍ മുദ്രാവാക്യം വിളിയോടെ സ്വാഗതം ചെയ്തു.

പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുന്നില്‍ വണങ്ങിയശേഷമാണ് സഭയിലേക്ക് കടന്നത്.ബഹളം കാരണം നിറുത്തിവച്ചിരുന്ന സഭ12മണിക്ക് വീണ്ടും ചേര്‍ന്നു. രാഹുല്‍ വരുന്നതുകണ്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ സോണിയാഗാന്ധി അടുത്തേക്ക് ചെന്ന് മുത്തം നല്‍കി സ്വീകരിച്ചു. കോണ്‍ഗ്രസിനെതിരെ ബി.ജെ.പി അംഗം ചൈനീസ് ബന്ധം ആരോപിച്ചതോടെ വീണ്ടും ബഹളത്തില്‍ സഭ പിരിഞ്ഞു.

പിന്നീട് ഇരുവരും പാര്‍ലമെന്റിലെ ഡി.എം.കെ ഓഫീസിലെത്തി എം. കരുണാനിധിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷികമായിരുന്നു ഇന്നലെ.തുടര്‍ന്ന് സെന്‍ട്രല്‍ ഹാളിലെത്തിയ രാഹുല്‍ സഹപ്രവര്‍ത്തകരുമായി കുശലാന്വേഷണം നടത്തി.പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം.കോണ്‍ഗ്രസ് എം.പിമാരും ഇന്ത്യ സഖ്യത്തിലെ എം.പിമാരും രാഹുലിനെ അഭിനന്ദിച്ചു. അതേസമയം, കേസ് കഴിഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി നല്‍കിയത് താത്കാലിക സ്റ്റേയാണെന്നും ബി.ജെ.പി എം.പിമാര്‍ ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *