മെഡിക്കൽ കോളേജിലെ അപകടം, ബിന്ദുവിന്റെ സംസ്‌കാരം രാവിലെ പതിനൊന്നിന്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം രാവിലെ പതിനൊന്നിന്. മൃതദേഹം ഉടൻ തലയോലപ്പറമ്പിലെ വീട്ടിലെത്തിക്കും. അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും.
രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചെന്ന പരാതി ബിന്ദുവിന്റെ കുടുംബം ആവർത്തിക്കുകയാണ്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷിക്കാമായിരുന്നെന്നും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ബന്ധുക്കൾ പറഞ്ഞു.അതേസമയം, കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും മകൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.68 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള അടച്ചിട്ടിരുന്ന ടോയ്‌ലറ്റ് ഭാഗമാണ് തകർന്നത്. ഇന്നലെ രാവിലെ 10.50നായിരുന്നു ദുരന്തം. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ വിശ്രുതന്റെ ഭാര്യയും വസ്ത്രശാല ജീവനക്കാരിയുമായ ഡി.ബിന്ദുവാണ് (52) മരിച്ചത്.
ശസ്ത്രക്രിയയ്ക്കായി ന്യൂറോ ട്രോമോകെയർ വിഭാഗത്തിൽ ചികിത്സയിലുള്ള മകൾ നവമിയുടെ (20) പരിചരണത്തിന് നിന്ന ബിന്ദു ടോയ്‌ലറ്റിൽ കുളിക്കാൻ കയറിയപ്പോഴായിരുന്നു അപകടം. നവമി ആന്ധ്ര അപ്പോളോ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
അപകടത്തിൽ, ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ കഴിയുന്ന വയനാട് സ്വദേശി ത്രേസ്യാമ്മയ്ക്കൊപ്പമെത്തിയ കൊച്ചുമകൾ അലീന വിൻസെന്റ് (11), ജിനു സജി (38), അത്യാഹിത വിഭാഗം ജീവനക്കാരൻ അമൽ പ്രദീപ് (20) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രക്ഷിച്ചതോടെ മറ്റാരും ഉണ്ടാകില്ലെന്ന ധാരണയിൽ തെരച്ചിൽ നടത്താത്തിയില്ല. അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെയാണ് 12.50ഓടെ തെരച്ചിൽ തുടങ്ങിയത്. ഒരുമണിയോടെ ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശസ്ത്രക്രിയകൾ മുടങ്ങും
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ മുടങ്ങും. അപകടമുണ്ടായ കെട്ടിടമുള്ള ബ്ലോക്കിലെ ഓപ്പറേഷൻ തീയേറ്ററുകളിലെ ശസ്ത്രക്രിയകളാണ് മുടങ്ങുക. എട്ട് ഓപ്പറേഷൻ തീയേറ്ററുകളാണ് ഈ ബ്ലോക്കിലുള്ളത്. ഇന്ന് ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിരുന്ന രോഗികളോട് പുതിയ തീയതി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.