വയനാട്ടിലെ യാത്രയ്ക്കിടെ വഴിയിൽ അപകടം, വാഹനം നിർത്തി ഡോക്ടറെ വിളിപ്പിച്ച് പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കി പ്രിയങ്കാ ഗാന്ധി

കൽപ്പറ്റ: വയനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്കാ ഗാന്ധി എംപി. സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പ്രിയങ്ക പരിക്കേറ്റവരെ പരിശോധിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയ ശേഷമാണ് പ്രിയങ്ക യാത്ര തുടർന്നത്. കരിപ്പൂരിൽ നിന്ന് കൽപ്പറ്റയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് വാഹനാപകടം ശ്രദ്ധയിൽപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഇരയായവരുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും അവർക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നുമാണ് പ്രിയങ്കാ ഗാന്ധി കളക്ടറോട് ആവശ്യപ്പെട്ടത്. കോഴിക്കോട് കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ടാണ് പ്രിയങ്കാ ഗാന്ധി സ്ഥിതിഗതികൾ വിലയിരുത്തിയത്.
അതേസമയം, മെഡിക്കൽ കോളേജിലെ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ മരണകാരണം പുക ശ്വസിച്ചല്ലെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മൂന്നുപേരുടേത് സ്വാഭാവിക മരണമാണ്. ഒരാളുടെ മരണം വിഷാംശം ഉള്ളിൽച്ചെന്നെന്നാണ് റിപ്പോർട്ടിലുള്ളത്. രോഗികളെ മാറ്റുന്നതിനിടെ പുക ശ്വസിച്ചാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
വയനാട് മേപ്പാടി സ്വദേശി നസീറയാണ് (44) വിഷാംശം ഉള്ളിൽച്ചെന്ന് മരിച്ചത്. മേപ്പയൂർ പുളിച്ചികൊലാറ്റ മീത്തൽ ഗംഗാധരൻ (72), വെസ്റ്റ്ഹിൽ കുപ്പായം തൊടി ഹൗസിൽ ഗോപാലൻ (67), വടകര വള്ളൂമ്മൽ താഴെകുനിയിൽ സുരേന്ദ്രൻ (59) എന്നിവരുടേത് സ്വാഭാവിക മരണമാണ്. മൂന്നുപേരെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.