ആശുപത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രതി അഫാൻ; മരുന്നുകുത്തിയ കാനുല ഊരിക്കളഞ്ഞു

തിരുവനന്തപുരം: തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷിക്കുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അഫാന്‍ അസ്വസ്ഥത കാണുക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. എലി വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാല്‍ ജാഗ്രത തുടരുകയാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ലഹരി ഉപയോഗം നടത്തിയതായി ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും രക്തം പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അഫാന്‍ കൊലപ്പെടുത്തിയ സഹോദരന്‍ അഫ്‌സാന്‍, അച്ഛന്റെ അമ്മ സല്‍മബീവി, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്‌നാന്റെ സുഹൃത്ത് ഫര്‍സാന എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍ നടത്തി. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനാല്‍ ആക്രമിച്ചു. 1.15 മുത്തശ്ശി സല്‍മ ബീവിയെ ആക്രമിച്ചു. സ്വര്‍ണവുമായി വെഞ്ഞാറമൂട് എത്തിയപ്പോള്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ചു. വെഞ്ഞാറമൂട് നിന്നാണ് ചുറ്റിക വാങ്ങിയത്. വൈകിട്ട് 3 മണിയോടെ ബാപ്പയുടെ സഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു.
4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപെടുത്തി. അവസാനം വീട്ടില്‍ വെച്ച് സഹോദരന്‍ അഫ്‌സാനെയും കൊന്നു. അനുജന്‍ പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തില്‍ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനില്‍ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നത്.