നവവധുവിന്റെയും വരന്റെയും തലകള്‍ മുട്ടിച്ച സംഭവം; നാട്ടുകാരനെതിരെ കേസ്

പല്ലശ്ശനയില്‍ വിവാഹ ചടങ്ങിനിടെ നവവധുവിന്റെയും വരന്റെയും തലകള്‍ മുട്ടിച്ച സംഭവത്തില്‍ നാട്ടുകാരനെതിരെ കേസ്. വധുവിന്റെ പരാതിയിലാണ്, തലമുട്ടിച്ച സുഭാഷിനെതിരെ (ലക്ഷ്മണന്-37) കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. പല്ലശ്ശന തെക്കുംപുറത്ത് സച്ചിന്റെ ഭാര്യയും കോഴിക്കോട് മുക്കം സ്വദേശിയുമായ സജ്ലയാണു പരാതിക്കാരി.ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്.കേസെടുത്ത ശേഷം സുഭാഷിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി നോട്ടിസ് നല്കി. ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് ആദ്യം സൂചിപ്പിച്ചിരുന്നതെങ്കിലും, നിയമോപദേശത്തെ തുടര്‍ന്ന് നോട്ടിസ് നല്‍കുക മാത്രമേ ചെയ്തുള്ളൂവെന്നു പൊലീസ് വ്യക്തമാക്കി.വിവാഹ ചടങ്ങിനിടെ വധുവിന്റെയും വരന്റെയും തലകള്‍ മുട്ടിക്കുന്നതും തുടര്‍ന്നു വധു കരയുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തലമുട്ടിക്കലിനെ തുടര്‍ന്നു നവവധു കരയുന്ന വിഡിയോയുടെ നിജസ്ഥിതിയെപ്പറ്റി അന്വേഷിക്കാന്‍ വനിതാ കമ്മിഷന് കൊല്ലങ്കോട് പൊലീസിനു നിര്‍ദേശം നല്കി.
ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ വനിതാ കമ്മിഷനു നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. പല്ലശ്ശനയില്‍ നിന്നുള്ള വിവാഹദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നാട്ടില്‍ ഇത്തരമൊരു ആചാരമില്ലെന്ന നിലപാടുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.