സൈബര്‍ അധിക്ഷേപത്തിനെതിരെ നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന പൂജപ്പുര പൊലീസ് ഇന്‍സ്‌പെക്ടര്‍ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് അച്ചുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇടതുസംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് കേസെടുത്തിരുന്നു.
സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചതിനു ജാമ്യം ലഭിക്കാവുന്ന നിസ്സാരവകുപ്പുകള്‍ ചുമത്തിയാണു കേസ്. അച്ചു പരാതി നല്‍കുന്നതുവരെ പലതരം അധിക്ഷേപ പോസ്റ്റുകള്‍ നന്ദകുമാര്‍ ഇട്ടിരുന്നു. കാര്യങ്ങള്‍ കൈവിടുമെന്ന തിരിച്ചറിവില്‍ പിന്നീടു ഫെയ്‌സ്ബുക്കില്‍ ക്ഷമാപണം നടത്തി തലയൂരാന്‍ ശ്രമിച്ചു. അച്ചു ഉമ്മന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ഉടന്‍ ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു.
ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി വിരമിച്ച ഇയാള്‍ തലസ്ഥാനത്താണു താമസം. സര്‍വീസിലുള്ളപ്പോഴും വിരമിച്ച ശേഷവും സജീവ ഇടതുപ്രവര്‍ത്തകനായാണ് അറിയിപ്പെടുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്തു യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെതിരെയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടിരുന്നു.
പുതുപ്പള്ളി മാപ്പ് നല്‍കില്ല: അച്ചു ഉമ്മന്‍
പുതുപ്പള്ളി . അനാവശ്യമായി ഉയര്‍ന്ന ആരോപണങ്ങളില്‍ താനോ മരിച്ചുപോയ തന്റെ പിതാവിന്റെ ആത്മാവോ മാപ്പു കൊടുത്താലും പുതുപ്പള്ളി മാപ്പു നല്‍കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഒരു വിശ്വാസ്യതയുമില്ലാത്ത വ്യക്തിയുടെ ആരോപണങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ എത്ര മാത്രം വേട്ടയാടി. സ്വകാര്യമായി നീറിയപ്പോഴും ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹം എല്ലാവരുടെയും അടുത്തെത്തിയത്.
തന്റെ പേരു സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നു കരുതിയാണു പരാതി കൊടുത്തത്. തന്റെ ഭര്‍ത്താവിന്റെ പിതാവാണു ദുബായില്‍ ബിസിനസ് തുടങ്ങിയത്. ആ കമ്പനികളാണു സാമ്പത്തികഭദ്രതയുടെ അടിസ്ഥാനം. സൈബര്‍ അധിക്ഷേപം നേരിട്ടപ്പോള്‍ ഒരുപാടു മനഃപ്രയാസമുണ്ടായെന്നും കേരളത്തില്‍ സമാന അനുഭവം നേരിടുന്ന സ്ത്രീകള്‍ക്കു വേണ്ടിയാണു താന്‍ പരാതി കൊടുത്തതെന്നും അച്ചു പറഞ്ഞു.