രണ്ടായിരം കടന്ന് കോവിഡ് ആക്ടീവ് കേസുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടായിരം കടന്ന് കോവിഡ് ആക്ടീവ് കേസുകള്‍. ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2041 കേസുകളാണ് സംസ്ഥാനത്തുളളത്. രാജ്യത്താകെ 2311 ആക്ടീവ് കേസുകളാണുള്ളത്. ഇന്നലെ മാത്രം കേരളത്തില്‍ 292 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട് 13, മഹാരാഷ്ട്ര 11, ഡല്‍ഹി 3, ഗോവ 1, ഗുജറാത്ത് 3, കര്‍ണ്ണാടക 11, പഞ്ചാബ് 1, പോണ്ടിച്ചേരി 4, തെലുങ്കാന 4 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. സംസ്ഥാനങ്ങളിലെ രോഗ വ്യാപനവും പ്രതിരോധ പ്രവര്‍ത്തനവും അവലോകനം ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. രാജ്യത്ത് ജെഎന്‍ 1 വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി യോഗം വിളിച്ചിരിക്കുന്നത്.

കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത് കേരളത്തിന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിരുന്നു. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം, ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ നിര്‍ദ്ദേശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നിലവിലെ ആക്ടീവ് കേസുകളില്‍ ഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *