നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്റെ ജനനം. വിദ്യാഭ്യാസത്തിനുശേഷം സെയില്‍സ്മാനായി ജോലി നോക്കിയിരുന്നു. ഇതിനൊപ്പംതന്നെ നാടകവേദികളിലും സജീവമായി. തുടര്‍ന്നാണ് കലാഭവനില്‍ എത്തിച്ചേരുന്നത്. പിന്നീട് ട്രൂപ്പിലെതന്നെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി മാറുകയായിരുന്നു.മിമിക്രി വേദികളിലൂടെയാണ് ഹനീഫ് സിനിമയിലെത്തിയത്.

ചെപ്പ് കിലുക്കണ ചങ്ങാതിയാണ് ആദ്യചിത്രം. പറക്കും തളിക എന്ന സിനിമയിലെ മണവാളന്റെ കഥാപാത്രമുള്‍പ്പെടെ നിരവധി കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഇതിനോടകംതന്നെ 150ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ് സെറ്റാണ് അവസാന ചിത്രം.വാഹിദയാണ് ഹനീഫിന്റെ ഭാര്യ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്. സംസ്‌കാരം നാളെ മട്ടാഞ്ചേരിയില്‍.നടന്‍ ദിലീപ്, സംവിധായകനും നടനുമായ മേജര്‍ രവി, നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ടിനി ടോം ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാദ്ധ്യമത്തിലൂടെ ഹനീഫിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *