നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനുപിന്നാലെ നടൻ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചുനൽകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനുപിന്നാലെ നടൻ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചുനൽകും. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്റെ അഭിഭാഷകർ കോടതില്‍ ബോദ്ധ്യപ്പെടുത്തിയത്.
കേസില്‍ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്ഥകളുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്പോർട്ട് സമർപ്പിച്ചിരുന്നത്. പിന്നീട് വ്യവസ്ഥകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലാകുകയായിരുന്നു.
കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്പോർട്ട് തിരിച്ചുനൽകണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞത് അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ പാസ്പോർട്ട് തിരിച്ച് നല്‍കരുതെന്നുമാണ്. എന്നാല്‍ വിഷയം ഇന്ന് വീണ്ടും പരിഗണിച്ച കോടതി വ്യക്തമാക്കിയത് ദിലീപ് കേസില്‍ കുറ്റ വിമക്തൻ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നുമാണ്.