നടന്‍ ശ്രീ ജോണി കുണ്ടറ (69) കൊല്ലത്തു സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാര്‍ഡിയാക് അറസ്റ്റ് മൂലം നിര്യാതനായി

തിരുവനന്തപുരം: കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസിന്റെ സന്ദതസഹചാരിയായ പരമേശ്വരന്‍ എന്ന കഥാപാത്രമായിരുന്നു കുണ്ടറ ജോണിയുടെ തലവര മാറ്റിയത്. നാലു ഭാഷകളിലേക്ക് കിരീടം മൊഴിമാറ്റപ്പെട്ടപ്പോഴും പരമേശ്വരനെ ജോണി അനശ്വരമാക്കി. ക്രൂരനായ പരമേശ്വരന്‍ ചെങ്കോലില്‍ എത്തിയപ്പോള്‍ നല്ലവനായി. വ്യത്യസ്ത ദ്രുവങ്ങളിലെ രണ്ടു കഥാപാത്രങ്ങളും ജോണിയുടെ കൈകളില്‍ ഭദ്രമായിരുന്നു. 40 വര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ചെയ്തതിലേറെയും വില്ലന്‍ വേഷങ്ങള്‍. എന്നാല്‍ ജീവിതത്തില്‍ ജോണി ഹീറോ ആയിരുന്നു. ക്രൂരകഥാപാത്രങ്ങള്‍ ചെയ്യുന്നതിനാല്‍ ജോണിയുടെ സിനിമകള്‍ അച്ഛനും അമ്മയും കണ്ടിരുന്നില്ല. വിവാഹത്തോടെ റേപ്പ് സീനുകളില്‍ അഭിനയിക്കുന്നത് നിറുത്തി.

ഡിഗ്രി കഴിഞ്ഞ് കൊല്ലത്ത് പാരലല്‍ കോളേജിലെ കണക്ക് അദ്ധ്യാപകനായി. തുടര്‍ന്ന് സെയില്‍സ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്നതിനിടയിലാണ് കൂട്ടുകാരന്റെ അച്ഛന്‍ ‘നിത്യവസന്തം’ എന്ന സിനിമെയടുക്കുന്നത്. തമാശയ്ക്ക് ജോണിയും ചാന്‍സ് ചോദിച്ചു. അതായിരുന്നു ആദ്യ സിനിമ. തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ തനിക്ക് ലഭിച്ച വേഷത്തെ അനശ്വരമാക്കിയ ജോണിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. എ.ബി.രാജിന്റെ ‘കഴുകന്‍’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ഹ്യൂമറും വഴങ്ങുമെന്ന് തെളിയിച്ചു. അവസാനചിത്രമായ മേപ്പടിയാനില്‍ ജീവിതത്തിലെന്ന പോലെ കാലിന് സുഖമില്ലാതെ കഴിയുന്ന അച്ഛന്റെ വേഷമാണ് ചെയ്തത്. മലയാള സിനിമ തന്നെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്ന് അടുത്ത സുഹൃത്തുക്കളോട് ജോണി പറയുമായിരുന്നു. എങ്കിലും പരാതികളില്ലാതെയുള്ള വിടവാങ്ങലായിരുന്നു ജോണിയുടേത്.

 

Leave a Reply

Your email address will not be published. Required fields are marked *