നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കമണമെന്നാവശ്യപ്പട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനിയടക്കം നാലുപേരാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20 വർഷത്തെ കഠിനതടവാണ് പൾസർ സുനിക്ക് വിചാരണക്കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ശിക്ഷ ലഭിച്ചത്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രതീപ് എന്നിവരെയാണ് ശിക്ഷിച്ചത്.
എല്ലാവരെയും 20 വർഷത്തേക്കാണ് ശിക്ഷിച്ചതെങ്കിലും പൾസർ സുനിയാകും ആദ്യം പുറത്തിറങ്ങുന്നത്. വിചാരണക്കാലയളവിൽ ഏഴരവർഷത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞതിനാൽ ബാക്കിയുള്ള 13 വർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതിയാകും. പൾസർ സുനിക്കൊപ്പം ഏഴ് വർഷത്തോളം ജയിലിൽ കഴിഞ്ഞ മാർട്ടിൻ ആന്റണിയും ബാക്കി 13 വർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതിയാകും. അങ്ങനെയെങ്കിൽ 2039ൽ ഇവർക്ക് പുറത്തിറങ്ങാനാകും. ബി മണികണ്ഠൻ മൂന്നരവർഷം വിചാരണത്തടവിലായിരുന്നു.
അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ഇയാൾ ശിക്ഷ അനുഭവിക്കണം. വിപി വിജീഷ്, എച്ച് സലിം, പ്രതീപ് എന്നിവർ രണ്ട് വർഷം വിചാരണ തടവിലായിരുന്നു. ഇവർ ബാക്കി 18 വർഷത്തെ ശിക്ഷ അനുഭവിക്കണം.എട്ടാം പ്രതി ദിലീപിനെതിരെ വിചാരണക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം.