എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല, ആ വ്യവസായി താനല്ല, സൗഹൃദമുണ്ട്; പ്രേം കുമാര്‍

തിരുവനന്തപുരം: എഡിജിപി- റാം മാധവ് കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി വ്യവസായി പ്രേം കുമാര്‍. ഇവര്‍ക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയ ആ വ്യവസായി താനല്ലെന്ന് പ്രേം കുമാര്‍ പറഞ്ഞു. എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. കോവളത്തെ കൂടികാഴ്ചയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാര്‍. കൂടിക്കാഴ്ചയിലെ വ്യവസായി ബിഎല്‍എം ചെയര്‍മാന്‍ പ്രേം കുമാര്‍ ആണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

എഡിജിപി അജിത് കുമാറുമായി സൗഹൃദമുണ്ട്. തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിക്കാം. മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷിനെ പരിചയമുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കണ്ടത് ഒരിക്കല്‍ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുമായി തന്റെ കമ്പനിക്ക് കരാര്‍ ഇല്ലെന്നും പ്രേം കുമാര്‍ പറഞ്ഞു. എഡിജിപിക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയയാളെ അറിഞ്ഞാല്‍ കേരളം ഞെട്ടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.

അതേസമയം, പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആര്‍ അജിത് കുമാര്‍ രംഗത്തെത്തി. പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ അജിത് കുമാര്‍ പറയുന്നു. ഗൂഢാലോചനയില്‍ സംശയിക്കുന്ന കാര്യങ്ങള്‍ എഡിജിപി മൊഴി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു.

അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്തു. ഐജി സ്പര്‍ജന്‍ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. അന്‍വറിന്റെ ആരോപണത്തിന് പുറമെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നല്‍കിയ മൊഴി എന്ത് എന്നതില്‍ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദര്‍ശനമെന്നായിരുന്നു അജിത് കുമാര്‍ നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം.

നിരന്തരം ആരോപണം ഉന്നയിക്കുന്ന അന്‍വറിനെതിരെ എന്തെങ്കിലും തെളിവ് നല്‍കിയോ എന്നുള്ളതും പ്രധാനമാണ്.ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയില്‍ ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എംആര്‍ അജിത് കുമാര്‍ ക്രമസമാധാന ചുമതല നിര്‍വ്വഹിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നല്‍കാന്‍ മുന്നോട്ടുവരുന്നില്ലെന്ന് ഡിജിപിയെ കണ്ടശേഷം പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *