സുരേഷ്ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലും സജീവം
എഡിജിപി അജിത് കുമാറിനെതിരെ സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ നിരവധി ആരോപണങ്ങള്‍. എംആര്‍ അജിത്കുമാര്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാംമാധവുമായും ചര്‍ച്ച നടത്തി. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി തൃശൂരില്‍ നടത്തിയ കൂടിക്കാഴ്ച വലിയ വിവാദമായി തുടരുന്നതിനിടയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവരുന്നത.് ഈ കൂടിക്കാഴ്ചയെ കുറിച്ചും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം അടക്കം വഹിച്ചിരുന്ന രാംമാധവിനെ രണ്ടുതവണയാണ് അജിത്കുമാര്‍ കണ്ടത്. കോവളത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു ഈ കൂടിക്കാഴ്ചകളെല്ലാം നടന്നത്. ഈ സന്ദര്‍ശനങ്ങളും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു എന്നാണ് വിവരം. മാത്രമല്ല സുരേഷ്ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്കുമാര്‍ സജീവമായിരുന്നുവെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍എസ്എസിന്റെ നേതാക്കളുമായി കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് നിരന്തരം കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2023ല്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടന്ന പരിപാടിക്കിടെ ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയതായി എഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൊസബലെയെ സുഹൃത്തിനൊപ്പം ഹോട്ടലിലെത്തി കണ്ടതെന്നാണ് അജത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. മറ്റ് കൂടിക്കാഴ്ചകളില്‍ വിശദീകരണം നല്‍കിയിട്ടില്ല.