എഡിജിപി എം ആര്‍ അജിത് കുമാര്‍ ക്രമസമാധാന ചുമതല ഒഴിഞ്ഞു

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ക്രമസമാധാന ചുമതല ഒഴിഞ്ഞു. ബറ്റാലിയന്‍ എഡിജിപിയുടെ ഓഫീസിലേക്ക് ഇന്ന് മുതല്‍ മാറി. അതേസമയം ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയ മനോജ് എബ്രഹാം പുതിയ ചുമതല ഏറ്റെടുത്തിട്ടില്ല. ഇന്റലിജന്‍സ് മേധാവിയായി നിയമിച്ച പി വിജയന്‍ സ്ഥാനം ഏറ്റെടുത്താലെ ഇന്റലിജന്‍സിന് ഒഴിയാന്‍ കഴിയുകയുള്ളൂ. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അജിത് കുമാറിനെ സര്‍ക്കാര്‍ മാറ്റിയത്.

ഒരു മാസം നീണ്ട വിവാദക്കൊടുങ്കാറ്റിനിടെയും മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ കരുതലോടെയാണ് മാറ്റുന്നത്. എന്തിനാണ് മാറ്റുന്നതെന്ന് പോലും വിശദീകരിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പിറക്കിയത്. സായുധ പൊലീസ് ബറ്റാലയിന്‍ എഡിജിപി സ്ഥാനത്ത് അജിത് കുമാറിനെ നിലനിര്‍ത്തിയിട്ടുമുണ്ട്. വാര്‍ത്താക്കുറിപ്പിലും കാരണം വിശദീകരിച്ചിരുന്നില്ല. ഇതുതന്നെയാണ് ഇപ്പോഴിറങ്ങിയ ഉത്തരവിലും ആവര്‍ത്തിക്കുന്നത്. പേരിനൊരു നടപടി മാത്രമാണ് അജിത് കുമാറിനെതിരെ ഉണ്ടായെന്നത് വ്യക്തമാക്കുന്നതാണ് വാര്‍ത്താക്കുറിപ്പും സര്‍ക്കാര്‍ ഉത്തരവും.

അതിനിടെ, എഡിജിപി പി വിജയനെ ഇന്ന് ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. എലത്തൂര്‍ തീവ്പ്പ് കേസിലെ പ്രതിയുടെ യാത്രവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ തന്നെയാണ് വിജയനെ തന്ത്രപ്രധാന തസ്തികയിലേക്ക് നിയമിച്ചത്. 6 മാസത്തിന് ശേഷമാണ് പി വിജയനെ തിരിച്ചെടുത്തിരിക്കുന്നത്. തിരിച്ചെടുത്തുവെങ്കിലും വകുപ്പ്തല അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ വിജയന്റെ സ്ഥാനകയറ്റം തടഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *