തൃശൂരില്‍ പത്മജ വേണുഗോപാല്‍, പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍; ബിജെപി സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു

സംസ്ഥാനത്ത് എ-ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന തൃശൂരിലും പാലക്കാട്ടും ശക്തമായ സ്ഥാനാര്‍ഥികളെ ഇറക്കാന്‍ പാര്‍ട്ടി നീക്കം ശക്തമാക്കി. തൃശൂരില്‍ പത്മജ വേണുഗോപാല്‍യും പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍യും മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇരുവരോടും മത്സരിക്കണമെന്ന് സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃശൂരില്‍ മത്സരിക്കാന്‍ സന്തോഷമേയുള്ളുവെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വെറും 946 വോട്ടുകള്‍ക്ക് പരാജയപ്പെട്ട പത്മജ ഇത്തവണ ബിജെപി ടിക്കറ്റില്‍ തൃശൂരില്‍ അങ്കം കുറിക്കാനാണ് സാധ്യത. തൃശൂര്‍ മണ്ഡലത്തില്‍ മികച്ച പരിചയവും സ്വാധീനവുമുള്ള നേതാവെന്ന വിലയിരുത്തലും സ്ഥാനാര്‍ഥിത്വത്തിന് അനുകൂലമായി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 35 ഡിവിഷനുകളില്‍ സുരേഷ് ഗോപിക്ക് മുന്‍തൂക്കം ലഭിച്ചിരുന്നുവെന്നാണ് ബിജെപി വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ലെങ്കിലും പത്മജയുടെ വരവോടെ സ്ഥിതിഗതികള്‍ മാറുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.