അഡ്വ. സൈബിക്കെതിരായ കേസ്: അന്വേഷണം വേഗം തീര്‍ക്കണമെന്ന് ഹൈക്കോടതി

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍ നിന്ന് വന്‍തുക വാങ്ങിയെന്ന കേസിന്റെ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാന്‍ അഡ്വ. സൈബി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇതു പറഞ്ഞത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ ഇതുവരെ 137 പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയെന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് തെളിവുകളുടെ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വിശദീകരിച്ചു. ഹര്‍ജി മദ്ധ്യവേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.