തിരുവനന്തപുരം: അഡ്വ.കെ.സോമപ്രസാദ് ഏപ്രില്‍ ഒന്നിന് രാജ്യസഭയുടെ പടിയിറങ്ങും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സഭയിലുന്നയിച്ച സി.പി.എം പ്രതിനിധിയാണ് സോപ്രസാദ്.തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് പതിറ്റാണ്ടുകളായി നടപ്പാക്കാതിരുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണം എല്ലാകാറ്റഗറികളിലും ബാധകമാക്കിയതും അദ്ദേഹത്തിന്റെ ഇടപെടലിലാണ് എന്നത് ശ്രദ്ധേയമാണ്.
2016 ഏപ്രില്‍ 3 നാണ് എം.പി.വിരേന്ദ്രകുമാര്‍, എ.കെ.ആന്റണി എന്നിവര്‍ക്കൊപ്പം സോമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടത്. 422 ചോദ്യങ്ങളുന്നയിച്ചു. 260 ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചു. വിവിധ വിഷയങ്ങളും ബില്ലുകളുമായി ബന്ധപ്പെട്ട് 160 ചര്‍ച്ചകളില്‍ പങ്കുകൊണ്ടു. ചവറ കെ.എം.എം.എല്‍, കൊച്ചി ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് എന്നീ വ്യവസായ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങള്‍ സഭയിലുന്നയിച്ചായിരുന്നു തുടക്കം. ഇ സിഗററ്റിന്റെ ദൂഷ്യഫലങ്ങള്‍ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി നടത്തിയ ശ്രദ്ധക്ഷണിക്കലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇ സിഗററ്റ് നിരോധിച്ചത്. എന്‍ജിനിയറിംഗ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനും ആദിവാസികളുടെ പാരമ്ബര്യ വിജ്ഞാന ശോഷണം തടയുന്നതിനും ആവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് പ്രത്യേക പരാമര്‍ശത്തിലൂടെ ആവശ്യമുന്നയിച്ചു. പട്ടികവിഭാഗം വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വരുമാന പരിധി നീക്കുന്നതിനും കേരളത്തിന് വെട്ടിക്കുറച്ച മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കുന്നതിനും അദ്ദേഹം ശബ്ദമുയര്‍ത്തി.
ലോക അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ നിന്നും പി.യു.ചിത്രയെ ഒഴിവാക്കിയതിനെതിരെയും കേരളത്തില്‍ ആവശ്യമായ ലോക്കോ പൈലറ്റ്മാരെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് മാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടും ശബ്ദമുയര്‍ത്തി. ജുഡീഷ്യറിയിലെ സംവരണത്തിനും വിവിധ കോടതി വിധികളെ തുടര്‍ന്ന് സംവരണവും പട്ടികജാതി പീഡന നിരോധന നിയമവും ദുര്ബ്ബലപ്പെടാതിരിക്കാനുള്ള നിയമ നിര്‍മ്മാണത്തിന് വേണ്ടിയും സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു