തിരുവനന്തപുരം: നവകേരള സദസിനെതിരെയുളള പ്രതിഷേധത്തിനിടെ ആറ്റിങ്ങലില്‍ വ്യാപക ആക്രമണം. ഇവിടെ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പരസ്പരം വീടുകള്‍ ആക്രമിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതോടെ പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥയാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
നവകേരള യാത്രയോടനുബന്ധിച്ച് ആറ്റിങ്ങല്‍, വെഞ്ഞാറമൂട് ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങളാണ് ഇന്നലെ നടന്നത്. നവകേരള യാത്രയ്ക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീട് പൊലീസ് കാവലുണ്ടായിട്ടും, സംഘമായി എത്തിയ ഡിവൈഎഫ്ഐ- സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറ്റിങ്ങലില്‍ പ്രകടനം നടത്തുകയും നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നജമിന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലും ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷം കനത്തത്തോടെ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.