അഹമ്മദാബാദ് വിമാന ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തില്‍ നടുങ്ങി രാജ്യം. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അപകടം സംഭവിച്ച് 22 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ നടന്ന അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 12 ജീവനക്കാർ അടക്കം 241 പേർ മരിച്ചിരുന്നു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.

24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള 12 വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതിയെ രൂപീകരിച്ചു.