‘കേരളത്തിൽ എയിംസ് വരും’; ബഡ്ജറ്റിനെതിരെയുണ്ടാകുന്നത് രാഷ്ട്രീയ വിമ‌ർശനങ്ങളെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിനെതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമ‌ർശനങ്ങളെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാദ്ധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീർഘ വീക്ഷണത്തോടെയാണ് 2026-27 ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും 2047ൽ രാജ്യം എങ്ങനെയാകണം എന്നതാണ് ബഡ്ജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

‘എയിംസ് വിഷയത്തിൽ കേരളം എന്ത് ചെയ്തെന്ന് പറയണം. ഇലക്ഷൻ ഒന്ന് മാറ്റിവച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങും. ഭാരത സർക്കാരിന്റെ 2026 – 27 വർഷത്തേക്കുള്ള ബഡ്ജറ്റിനെ സംബന്ധിച്ച് രാഷ്ട്രീയപരമായ വിമർശനങ്ങൾ നടക്കുന്നു. ബഡ്ജറ്റിന്റെ ഇമ്പാക്ട് കെടുത്തുന്ന രീതിയിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കെതിരെ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നു. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട ഒരു വിശദീകരണം ഈ വിഷയത്തിൽ നൽകുന്നത്.21-ാംനൂറ്റാണ്ടിലെ രണ്ടാമത്തെ ക്വാട്ടറിലെ ആദ്യ ബഡ്ജറ്റാണിത്.

രാജ്യത്തിന്റെ അവകാശികൾക്കായുള്ള ജീവിതരേഖ ഈ ബഡ്ജറ്റിൽ ഉൾപ്പെടുന്നു. വികസിത് ഭാരത് എന്ന് പ്രധാനമന്ത്രി ഇതിനെ വിഭാവനം ചെയ്യുന്നു. 2047 വരെയുള്ള ദീർഘദൃഷ്ടി. ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്ക് ഉപകാരപ്രഥമാർന്ന രീതിയിൽ ബഡ്ജറ്റ് വിലയിരുത്തുന്നു’- സുരേഷ് ഗോപി പറഞ്ഞു.

ബഡ്ജറ്റിൽ എയിംസ് എവിടെയെന്ന ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോയെന്നും സുരേഷ് ഗോപി മറുപടി നൽകി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ അത് നേടിയെടുക്കണം. കേരളത്തിൽ എയിംസ് വരുമെന്നും വന്നിരിക്കുമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇനിയും സമയമുണ്ട്, സ്ഥലമെടുത്ത് തന്നാൽ വന്നിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.