ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍, നൂറ് പവന് സ്വര്‍ണവും മുപ്പത് ഗ്രാം വജ്രാഭരണങ്ങളും കണ്ടെത്തി

സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നിന്നും സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയ കേസിൽ ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. വീട്ടിലെ ജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നൂറ് പവൻ സ്വർണാഭരണങ്ങൾ, മുപ്പത് ഗ്രാം വജ്രാഭരണങ്ങൾ, നാല് കിലോ വെള്ളി, വസ്തു രേഖ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുതത്. കഴിഞ്ഞ പതിനെട്ട് വർഷമായി ഐശ്വര്യയുടെ വസതിയിലാണ് ഈശ്വരി ജോലി ചെയ്തിരുന്നതെന്നും വെങ്കിടേശന്റെ സഹായത്തോടെ പോയസ് ഗാർഡനിലെ വസതിയിൽ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. മോഷ്ടിച്ച വിലപിടിപ്പുള്ള സാധനങ്ങൾ വിറ്റാണ് ഇവർ ചെന്നൈയിൽ വീട് പോലും വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.