അജിത്കുമാറിനെ ക്രമസമാധാനചുമതലയില്‍നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എ.ഡി.ജി.പി: എം.ആര്. അജിത്കുമാറിനെതിരേ നടപടിക്കു സാധ്യത. സംസ്ഥാന പോലീസില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണു അജിത്കുമാര്‍. അതിനാല്‍, സര്‍ക്കാരിന്റേയും പോലീസിന്റേയും പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായതിനാലാണു സര്‍ക്കാര്‍ ഇടപെടുന്നത്.
അന്‍വറിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്ജിയെത്തിയാല്, എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിനിര്‍ത്താനുള്ള സാധ്യത ഏറെയാണ്. തല്ക്കാലം, അജിത്കുമാറിനെ ജയില്‍, പോലീസ് അക്കാദമി വിഭാഗത്തിലേക്കാകും മാറ്റുക. അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ പത്തനംതിട്ട എസ്.പി. സുജിത്ത് ദാസ് അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. സുജിത്ദാസിനോട് അവധി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നാണു വിവരം. ഫോണ്‍ സംഭാഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് അച്ചടക്കനടപടിയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ അച്ചടക്കലംഘനമാണു എസ്.പിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണു ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. എ.ഡി.ജി.പിക്കെതിരായ പരാതി സി.ബി.ഐ. അന്വേഷിക്കണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെടുന്നത്. തെളിവുമായി സുപ്രീംകോടതി വരെ പോകാന്‍ തയാറാണെന്നു പി.വി. അന്‍വറും വ്യക്തമാക്കുന്നു.
അതേസമയം, വ്യക്തിഹത്യ നടത്തിയെന്നാരോപിച്ചു പി.വി. അന്‍വറിനെതിരേ, എ.ഡി.ജി.പി: അജിത്കുമാര്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത കുറവാണെന്നാണു നിയമവൃത്തങ്ങള്‍ പറയുന്നത്. തന്റെ ആരോപണം വ്യക്തിയെപ്പറ്റിയല്ല, ജോലിയുടെ രീതിയെപ്പറ്റിയാണെന്നും അന്‍വറിനു വാദിക്കാം. സര്‍ക്കാരിനും തലവേദനയാകുമെന്നതിനാല്‍, കോടതിയിലെത്തും മുമ്പേ വിവാദം കെട്ടടങ്ങാനാണു സാധ്യത.
മേലുദ്യോഗസ്ഥനേപ്പറ്റിയുള്ള പരാതി ഉചിതമായ ഫോറത്തില്‍ ഉന്നയിക്കാതെ, പുറത്തു ഉന്നയിച്ചതു പോലീസ് സേനയ്ക്കുള്ളിലെ ഗുരുതരമായ അച്ചടക്കലംഘനമായാണു വിലയിരുത്തപ്പെടുന്നത്.
അതിനിടെ, ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും പോലീസ് സേനയ്ക്കുമെതിരേ ഭരണകക്ഷി എം.എല്‍.എ. ഗുരുതരമായ ആരോപണമുന്നയിച്ചതു സി.പി.എമ്മില്‍നിന്നുതന്നെ പിന്തുണ ലഭിച്ചതുകൊണ്ടാണെന്നു സംശയമുണ്ട്. അന്‍വര്‍ മുഖ്യമന്ത്രിയേയോ സര്‍ക്കാരിനേയോ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ ന്യായമായും ഉള്‍ക്കൊള്ളാതെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് എ.ഡി.ജി.പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയുമ്പോള്‍, പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും ഒരുപോലെ പിണക്കാതിരിക്കാനും അന്‍വര്‍ ശ്രദ്ധിക്കുന്നുണ്ട്.