എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ഇഴയുന്നു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ആക്രമണത്തിലെ യഥാര്‍ഥ കുറ്റവാളിയിലേയ്ക്കുളള അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ആഭ്യന്തരവകുപ്പിന്‍റെ അനാസ്ഥ.

സ്ഫോടക വസ്തുക്കള്‍ എറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന്‍റെ പ്രത്യേക സംഘം 23 ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നേരിടാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. രണ്ട് പ്രവൃത്തി ദിവസം കഴിഞ്ഞിട്ടും കേസന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചിട്ടില്ല.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ഇതോടെ സര്‍ക്കാരിന്റെ അഭിമാനപ്രശ്നമായി കണ്ട കേസിന്‍റെ അന്വേഷണം മൂന്ന് ദിവസമായി സ്തംഭിച്ചിരിക്കുകയാണ്. സ്ഫോടക വസ്തുക്കള്‍ എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതോടെ കേസന്വേഷണം വഴിമുട്ടിയെന്ന് ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *