കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസില്‍ ഹാജരാകാനായിരുന്നു മൂവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ഷൈന്‍ ടോം ചാക്കോ 7.35 നും ശ്രീനാഥ് ഭാസി 8.10 നും സൗമ്യ 8.30 നും എക്സൈസ് ഓഫീസിലെത്തി. മൂന്ന് പേരെയും പ്രത്യേകമായിരിക്കും ചോദ്യം ചെയ്യുക.
ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയത്. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന് സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈന്‍ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. കൊച്ചിയിലെ മോഡല്‍ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും. തസ്ലിമ സുഹൃത്താണെന്നും ലഹരി ഇടപാട് അറിയില്ലെന്ന് മോഡല്‍ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തസ്ലിമയുമായി ആറ് മാസത്തെ പരിചയമാണ് ഉള്ളത്. കൊച്ചിയില്‍ വച്ച് അറിയാം. ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.
എല്ലാകാര്യങ്ങളും ചോദിച്ചറിയുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് അശോക് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യല്‍ എത്ര സമയം എടുക്കുമെന്ന് പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലേ മൂന്ന് പേരെയും വിടും. ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിട്ടയക്കണമെന്ന് ഷൈന്‍ ടോം ചാക്കോ ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ മൂവരെയും വിടുവെന്ന് എക്സൈസ് അറിയിച്ചു. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. ആദ്യ ഘട്ടത്തില്‍ ഒറ്റയ്ക്കിരുത്തിയാകും ചോദ്യം ചെയ്യുക. പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും നടന്മാര് ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കുക.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലീമ എക്സൈസിന് നല്കിയ മൊഴി. പിന്നീട് എക്സൈസ് തസ്ലീമയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ തമ്മില്‍ വാട്ട്സ്ആപ്പ് കോളുകള്‍ നടത്തിയതായി എക്സൈസ് കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായി വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം ചോദ്യം ചെയ്യലില്‍ എക്സൈസിന് സഹായകരമാകും.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ ആശ്രിതര്‍ക്ക് 24 ലക്ഷം, അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്