ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു’ ഇനി ജയിലിൽ കിടന്നായാലും മരിച്ചാൽ മതി കണ്ണീരണിഞ്ഞ് നരേഷ് ഗോയൽ

മുംബയ്: ജീവിതത്തിലുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെന്ന് ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയൽ. ഇപ്പോഴത്തെ അവസ്ഥയിൽ ജീവിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണെന്ന് നരേഷ് ഗോയൽ കോടതിയിൽ പറഞ്ഞു. വായ്പ്പാത്തട്ടിപ്പുക്കേസിൽ ജയിലിൽ കഴിയുന്ന നരേഷ് ഗോയൽ കോടതിയിൽ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് വികാരഭരിതനായത്. കഴിഞ്ഞ ദിവസമായിരുന്നു കോടതി അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിച്ചത്.
ജഡ്ജി എംജി ദേശ്പാണ്ഡെക്ക് മുന്നിൽ ഇരുകൈകളും കൂപ്പി നിറകണ്ണുകളോടെയാണ് അദ്ദേഹം നിലവിലെ അവസ്ഥ വ്യക്തമാക്കിയത്. കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണണമെന്നും കോടതിയിൽ നരേഷ് ഗോയൽ അഭ്യർത്ഥന നടത്തി. ‘തന്റെ ആരോഗ്യനില വളരെ അപകടകരമാണ്. ഭാര്യയുടെയും ഏക മകളുടേയും അവസ്ഥയും മോശമാണ്. തന്നെ സഹായിക്കുന്നതിൽ ജയിൽ ഉദ്യോഗസ്ഥർക്ക് പരിമിതികളുണ്ട്. കാൽമുട്ടുകൾക്ക് നീരുണ്ട്. വേദനകൊണ്ട് മടക്കാൻ പോലും സാധിക്കുന്നില്ല. മൂത്രമൊഴിക്കുമ്പോൾ കലശലായ വേദനയുണ്ട്. ചില സമയത്ത് മൂത്രത്തിനൊപ്പം രക്തവും പുറത്തുപോവുന്നു. ജെജെ ആശുപത്രിയിലേക്ക് തന്നെ മാറ്റിയതുകൊണ്ട് ഒരു കാര്യവുമില്ല. ജയിൽ ഉദ്യോഗസ്ഥരുടെ ജോലി സൗകര്യം കണക്കിലെടുത്ത സഹതടവുകാർക്കൊപ്പമാണ് ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. ഈ യാത്ര ബുദ്ധിമുട്ടുള്ളതും മടുപ്പിക്കുന്നതും സഹിക്കാൻ കഴിയാത്തതുമാണ്. ആശുപത്രിയിൽ രോഗികളുടെ തിക്കും തിരക്കും കാരണം ആവശ്യമുള്ള സമയത്ത് ഡോക്ടറെ കാണാൻ സാധിക്കുന്നില്ല. ഇതെല്ലാം തന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.
ജെജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാൾ ജയിലിൽ മരിക്കുന്നതാണ് ഭേദം’ നരേഷ് ഗോയൽ കോടതിയിൽ പറഞ്ഞു.കനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാത്തട്ടിപ്പുകേസിൽ കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന അദ്ദേഹം ജാമ്യാപേക്ഷ നൽകിയിരുന്നു. അതേസമയം, നരേഷ് ഗോയലിന്റെ പ്രശ്നങ്ങൾ താൻ വ്യക്തമായി അന്വേഷിച്ചുവെന്നും അദ്ദേഹം സംസാരിച്ചപ്പോൾ ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നെന്നും എംജി ദേശ്പാണ്ഡെ കോടതി രേഖകളിൽ കുറിച്ചു. മാനസികമായും ശാരീരികമായും എല്ലാ തരത്തിലുമുള്ള ചികിത്സാ സഹായങ്ങൾ ഉറപ്പാക്കുമെന്ന് ഗോയലിനെ അറിയിച്ചതായി ജഡ്ജി വ്യക്തമാക്കി. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നരേഷ് ഗോയലിന്റെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.