തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാന്റെ ഡ്രൈവറുടെ വീട്ടില്‍ കിടക്കുന്ന കാറിനെക്കുറിച്ച് അന്വേഷിക്കണമെന്ന അസോസിയേഷന്‍ നേതാക്കളുടെ ആവശ്യം വിവാദമായി.
ആരോപണത്തില്‍ കഴമ്ബില്ലെന്നു ബോര്‍ഡിലെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ആരോപണമുന്നയിച്ച നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി കുറ്റപത്രം നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിനും ജനറല്‍ സെക്രട്ടറി ബി. ഹരികുമാറുമാണു കുറ്റപത്രം നല്‍കുന്നത്. സുരേഷ് കുമാര്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഷനിലാണ്.
ചെയര്‍മാന്‍ ബി. അശോകിന്റെ ഡ്രൈവറുടെ വീട്ടില്‍ കിടക്കുന്ന കാറിനെക്കുറിച്ച് അന്വേഷിക്കണമെന്നു വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണു നടപടി. ഇവരുടെ ആരോപണം തെറ്റാണെന്നു വ്യക്തമാക്കി ബോര്‍ഡ് പത്രക്കുറിപ്പിറക്കി. ബോര്‍ഡ് 65 ടാറ്റാ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു അസോസിയേഷന്‍ നേതാക്കളുടെ ആരോപണം.
മരുതംകുഴിയില്‍ ചെയര്‍മാന്റെ ഡ്രൈവറുടെ വീട്ടില്‍ കിടക്കുന്ന ടാറ്റ ഹാരിയര്‍ വാഹനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഴിമതിയാരോപണത്തിന്റെ ലാഞ്ഛനയുള്ള പരാമര്‍ശത്തെക്കുറിച്ച് വൈദ്യുതി ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പ് ഇങ്ങനെ:
ചെയര്‍മാന്റെ ഡ്രൈവറുടെ മരുതംകുഴിയിലുള്ള വീട്ടില്‍ ടാറ്റാ ഹാരിയര്‍ കാര്‍ കണ്ടുവെന്നും വൈദ്യുതി ബോര്‍ഡ് 65 ടാറ്റാ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഈ ടാറ്റാ ഹാരിയര്‍ കാറിനെക്കുറിച്ച് അന്വേഷിക്കണമെന്നും കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി. സുരേഷ് കുമാര്‍, ബി. ഹരികുമാര്‍ എന്നിവര്‍ ഗുരുതരമായ അച്ചടക്കലംഘനത്തിന് കുറ്റപത്രം നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരാണ്. വ്യക്തിഹത്യ നടത്തുന്നതിന്റെ ഭാഗമായി ഉന്നയിച്ചതാണ് ആരോപണം. ചെയര്‍മാന്റെ താല്‍ക്കാലിക ഡ്രൈവര്‍ക്ക് മരുതംകുഴിയില്‍ വീടില്ല. പരുത്തിക്കുഴിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ സഹോദരീഭര്‍ത്താവ് വാങ്ങി വാടകയ്ക്കു നല്‍കിയ ടാറ്റാ ഹാരിയര്‍ വാഹനം നിര്‍ത്തിയിടാറുണ്ട്.
ഈ വാഹനം മുഹമ്മദ് ഷംനാദ് എന്നയാള്‍ തിരുവനന്തപുരം മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു നികുതിയടക്കം 21.87 ലക്ഷം രൂപയ്ക്ക് ബാങ്ക് വായ്പ വഴി ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ വാങ്ങിയതാണെന്നും സ്വകാര്യ ആവശ്യത്തിനും വാടകയ്ക്കു നല്‍കിയും ഉപജീവനം നടത്തുകയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലോണ്‍ തുക 15,31,022 രൂപയും പഴയ ഇന്നോവ വാഹനം വിറ്റ വകയില്‍ കിട്ടിയ 6,01,000 രൂപയും ചേര്‍ത്താണു പണമടച്ചതെന്നു ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. കെ.എസ്.ഇ.ബിയുടെ വാഹനം വാങ്ങലുമായി സ്വകാര്യ വ്യക്തിയുടെ വാഹനം വാങ്ങലിന് ബന്ധമില്ല.
വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
അച്ചടക്കലംഘനത്തിനു സസ്പെന്‍ഷനിലുള്ള ഈ ഉദ്യോഗസ്ഥര്‍ തുടര്‍ന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതു ഗൗരവമായി കണക്കാക്കുന്നു. ഇതിന്റെ പേരില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ അധിക കുറ്റപത്രം നല്‍കുമെന്നു ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.