എല്‍ഡിഎഫ് ഭരണത്തില്‍ വന്നത് കൊണ്ടുള്ള നേട്ടം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമാത്രമായി മാറുന്നുവെന്ന് സോഷ്യല്‍ മീഡിയകളില്‍ ആരോപണം കനക്കുന്നു

എ ഐ ക്യാമറ വിവാദത്തിലുള്‍പ്പെട്ട കമ്പനി പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവുമായി ഇടപാടുകള്‍ ഉണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവാണു പ്രകാശ് ബാബു. കമ്പനി റജിസ്ട്രാര്‍ക്കു സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 2020 ല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രകാശ് ബാബുവുമായി ഇടപാടുകളുണ്ടായിരുന്നുവെന്നു കമ്പനി രേഖകള്‍ വ്യക്തമാക്കുന്നു.
ഇടപാടുകള്‍ നടത്തിയ ശേഷം കമ്പനി പണം നല്‍കാനുള്ളവരുടെ പട്ടികയിലാണ് പ്രകാശ് ബാബുവിന്റെ പേര് ഉള്‍പ്പെട്ടിരിക്കുന്നത്. പ്രകാശ് ബാബുവിന്റെ എറണാകുളത്തെ ഗെസ്റ്റ്ഹൗസ് ഉപയോഗിച്ച വകയില്‍ നല്‍കേണ്ട വാടകയും റിപ്പോര്‍ട്ടിലുണ്ട്. കമ്പനി ഇടപാടുകളില്‍ പ്രകാശ് ബാബു അയ്യത്താന്‍ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോള്‍ താമസം. പ്രസാഡിയോയുടെ കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടും പുതിയറയിലാണ്. 2018 ല്‍ ആരംഭിച്ച കമ്പനി കോഴിക്കോട് മലാപ്പറമ്പിലെ കെട്ടിടത്തിലെ രണ്ടാം നിലയിലാണു പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, ആരോപണങ്ങളോടു പ്രസാഡിയോ കമ്പനി പ്രതികരിച്ചില്ല. മാനേജിങ് ഡയറക്ടര്‍ ഒ.ബി.രാംജിത്തിനെ ബന്ധപ്പെട്ടെങ്കിലും പ്രകാശ് ബാബുവുമായി നടത്തിയ ഇടപാടുകള്‍ എന്താണെന്നു വിശദീകരിക്കാന്‍ തയാറായില്ല. വിവാദമുയര്‍ന്ന ആദ്യഘട്ടത്തില്‍ ബന്ധമില്ലെന്നു പറയുകയും ചെയ്തു. പ്രകാശ് ബാബുവിനു പങ്കാളിത്തമുള്ള കമ്പനിയാണെന്നു പറഞ്ഞാണ് ക്യാമറ പദ്ധതിയില്‍ ചേരാന്‍ പ്രസാഡിയോ എംഡി രാംജിത് തങ്ങളെ ക്ഷണിച്ചതെന്നു നേരത്തേ കരാറിന്റെ ഭാഗമായിരുന്ന അല്‍ഹിന്ദ് വെളിപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ സ്വാധീനമുള്ള കമ്പനിയായതിനാല്‍ ധൈര്യമായി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ചു. അല്‍ഹിന്ദ് പങ്കെടുത്ത യോഗങ്ങളില്‍ പ്രകാശ് ബാബുവും പങ്കെടുത്തിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി. ട്രോയ്സ്’ എന്ന കമ്പനിയില്‍നിന്നു വന്‍ വിലയ്ക്ക് ക്യാമറ വാങ്ങാന്‍ പ്രസാഡിയോ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അല്‍ഹിന്ദ് കരാറില്‍നിന്നു പിന്മാറുകയായിരുന്നു. പിന്മാറുന്നതിനു മുന്‍പ് പ്രകാശ് ബാബുവിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ കമ്പനിയുമായി ബന്ധമില്ലെന്നു പ്രകാശ് ബാബു അറിയിച്ചെന്നും അല്‍ഹിന്ദ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി അല്‍ഹിന്ദ് എസ്ആര്‍ഐടി മുഖേന കെല്‍ട്രോണിനു കൈമാറിയ 3 കോടി രൂപയില്‍ 2 കോടി രൂപ ഇപ്പോഴും തിരികെ ലഭിച്ചിട്ടില്ല. മറ്റു കമ്പനികളുമായും പ്രസാഡിയോയ്ക്ക് ബന്ധം എസ്ആര്‍ഐടിക്കു വേണ്ടി സാങ്കേതിക പിന്തുണ വാഗ്ദാനം നല്‍കി കെല്‍ട്രോണിനു കത്തു നല്‍കിയ ‘ട്രോയ്സ്’ എന്ന കമ്പനിയുമായും പ്രസാഡിയോയ്ക്ക് ഇടപാടുകളുണ്ട്.
എഐ ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട യുഎല്‍ ടെക്നോളജി, എസ്ആര്‍ഐടി പ്രൈവറ്റ് ലിമിറ്റഡ്, അശോക ബില്‍ഡ്കോണ്‍ ലിമിറ്റഡ്, ഇ സെന്‍ട്രിക് തുടങ്ങിയ കമ്പനികളുമായെല്ലാം പ്രസാഡിയോ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. എസ്ആര്‍ഐടിയുമായി ഉപകരാര്‍ ഒപ്പിട്ട മറ്റൊരു കമ്പനിയായ ലൈറ്റ് മാസ്റ്റര്‍ കമ്പനി എംഡിയും പ്രസാഡിയോയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു കമ്പനി രേഖകളില്‍നിന്നു വ്യക്തമാണ്.