അമീബിക് മസ്തിഷ്‌കജ്വര വ്യാപനം; സംസ്ഥാനത്ത് അതീവ ജാഗ്രത

അമീബിക് മസ്തിഷ്‌കജ്വര വ്യാപനത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത. പത്ത് മാസത്തിനിടെ 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം ജില്ലയില്‍ മാത്രം നിലവില്‍ മൂന്ന് ആക്ടീവ് കേസുകളാണുള്ളത്. രോഗ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ മധ്യവയസ്‌കനാണ് സംസ്ഥാനത്ത് അവസാനമായി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 57 വയസ്സുകാരന്റെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് കൊല്ലം ഇടവട്ടം സ്വദേശി മരിച്ചതും കഴിഞ്ഞദിവസമാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ 9 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരുടെയും ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.പിന്നാലെയാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് രോഗ ബാധയുമായി ബന്ധപ്പെട്ട് കര്‍ശന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ ജലാശയങ്ങളില്‍ ഇറങ്ങുന്നതും നീന്തല്‍ കുളങ്ങളില്‍ ഇറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്ന്
ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.