വഖഭ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി അമിത് ഷാ

വഖഫ് നിയമഭേഗഗതി ബില്ലിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ തുടരുകയാണ്. ബില്ലിലൂടെ മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം അംഗം കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. വഖഫ് ബില്ലിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിലാകുമെന്ന് സുരേഷ് ഗോപിയും മറുപടി നല്‍കി. ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നാണ് ലോക്‌സഭയില്‍ അമിത് ഷായുടെ പ്രതികരണം. വഖഫ് ബില്‍ മുസ്ലിം വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിങ്ങളുടെ വഖഫിലേക്ക് ഒരു അമുസ്ലിങ്ങളും വരില്ല. ഇസ്ലാമിക ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല അമുസ്ലിംങ്ങളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്.ന്യൂനപക്ഷങ്ങളുടെ പൈസ കട്ടെടുക്കുന്നവരെ പിടികൂടാന്‍ കൂടിയാണ് പുതിയ ബില്ല്. ദാനംകിട്ടിയ ഭൂമിയാണ് വഖഫ്, ആ വസ്തുവകകളുടെ പരിപാലനത്തിനാണ് വഖഫ് ബോര്‍ഡ്. മുസ്ലിം സമുദായങ്ങളുടെ നേട്ടങ്ങള്‍ക്കായാണ് ഈ ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികള്‍ നിയന്ത്രിക്കാന്‍ മാത്രമാണ് ബില്ലെന്നും ബില്‍ അവതരണം നടത്തി ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ അവതരണത്തില്‍ തടസ്സവാദവുമായി രംഗത്തെത്തിയ പ്രതിപക്ഷം, ബില്‍ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി.

നിയമനിര്‍മാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു. ഭേദഗതി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി നല്‍കി.

ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു. എന്‍ഡിഎ കക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ അനുകൂലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *