സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ∙ സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നു വയസ്സുകാരിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് കനത്ത പനിയുമായി കുട്ടിയെ പ്രവേശിപ്പിച്ചത്. പനിയും മറ്റു ലക്ഷണം കണ്ട് നടത്തിയ സ്രവപരിശോധനയിൽ അമീബിക് രോഗബാധ കുട്ടിയിൽ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ മാസം 24ന് കുട്ടിയും ചില കുടുംബാംഗങ്ങളും വീടിനു സമീപത്തെ ഒരു തോട്ടിൽ കുളിച്ചതായി സൂചന ലഭിച്ചതിനെത്തുടർന്ന് ചേളാരി പഞ്ചായത്ത് കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ – ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കുട്ടിയുടെ വീടിനു പരിസരത്തെ തോടും കഴിഞ്ഞ മാസം 27 ന് കോഴിക്കോട് കണ്ണാടിക്കലിൽ ഈ കുട്ടി എത്തിയ സ്വിമ്മിങ് പൂളിലും ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ക്ലോറിനേഷൻ നടത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ കുട്ടിയെക്കൂടാതെ മറ്റു രണ്ടു കേസുകളാണ് അമീബിക് മസ്തിഷ്കജ്വരബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ ഉള്ളത്. ഇതിൽ ഓമശ്ശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുളള കുട്ടി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

അന്നശ്ശേരി സ്വദേശിയായ 49 വയസ്സുള്ള മറ്റൊരാളും ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്. ഇവർക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നത് ഇനിയും വ്യക്തമല്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയെ കിണർവെള്ളത്തിൽ മാത്രം കുളിപ്പിച്ചുവെന്ന വിവരം അടിസ്ഥാനമാക്കി കുളങ്ങൾ കൂടാതെ കിണറുകളിലും രോഗം വഹിക്കുന്ന അമീബയുടെ സാന്നിധ്യം ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

അതിനിടെ കഴിഞ്ഞ വ്യാഴാഴ്ച അമീബിക് രോഗബാധയെത്തുടർന്ന് മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ (9) ഏഴു വയസ്സുള്ള ഇളയ സഹോദരന്റെ സ്രവ പരിശോധനയിൽ കുട്ടിക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു. ഈ കുട്ടിയുൾപ്പെടെ അനയയുടെ രണ്ടു സഹോദരന്മാരും മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.