മനുഷ്യാവകാശ കമ്മീഷനിൽ ജല അതോറിറ്റി: അമൃത് പദ്ധതി അവസാനഘട്ടത്തിൽ

തിരുവനന്തപുരം : നഗരത്തിലെ സ്വീവേജ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി നടപ്പിലാക്കുന്ന അമൃത് പദ്ധതിയിലെ ബാക്കിയുള്ള നിർമ്മാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അമ്യത് പദ്ധതിക്കായി കുഴിച്ച ശേഷം നന്നാക്കാത്ത പുലയനാർകോട്ട -എസ് എൻ നഗർ റോഡിലെ ദുരവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്.
പുലയനാർക്കോട്ട മുതൽ ഇടത്തറ വരെയുള്ള നിർമ്മാണ ജോലികൾ നടന്നുവരികയാണെ.ന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 മാർച്ച് 16 നാണ് നിർമ്മാണം ആരംഭിച്ചത്. മണ്ണിൻ്റെ ഘടനയും വെള്ളക്കെട്ടും കോവിഡ് അടച്ചിടലും കാരണമാണ് പദ്ധതി പൂർത്തിയാക്കാൻ കഴിയാതിരുന്നത്. 69 % ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഉള്ളൂർ – ആക്കുളം റോഡിലെ ജോലികൾ പൂർത്തിയായി.എസ്.എൻ നഗർ ഭാഗത്തും കിംസ് റോഡിലും 977 മീറ്റർ പൈപ്പ് ലൈൻ കൂടി സ്ഥാപിക്കണം. ബാക്കിയുള്ള നിർമ്മാണ ജോലികൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ പൂർത്തിയാക്കാൻ ജനപ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സഹായത്തോടെ നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ദീപക് സി പ്രദീപ് കുമാർ സമർപ്പിച്ച പരാതി തീർപ്പാക്കി.