കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്.
പരിചയസമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം. കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്.