നിയമസഭാ സ്പീക്കറായി എ.എന്‍.ഷംസീര്‍ ചുമതലയേറ്റു

കേരള നിയമസഭയുടെ 24ാം സ്പീക്കറായി എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. തലശേരിയില്‍ നിന്നുളള എംഎല്‍എ ഷംസീറിന് 96 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന് 40 വോട്ടുകള്‍ ലഭിച്ചു. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്. എം.വി ഗോവിന്ദന്‍ രാജി വച്ച ഒഴിവില്‍ എം.ബി. രാജേഷ് മന്ത്രിയായി ചുമതലയേറ്റെടുത്തതിനെത്തുടര്‍ന്നാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ കസേരയിലേക്ക് അനുഗമിച്ചു

എംഎല്‍എയായി രണ്ടാമൂഴത്തിലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുകയെന്ന നേട്ടം ഷംസീറിനെ തേടിയെത്തിയത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ അഡ്വ എ എന്‍ ഷംസീര്‍ പൊതുരംഗത്തെത്തിയത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്റെ ആദ്യ ചെയര്‍മാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്രണ്ണന്‍കോളേജില്‍ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് എല്‍എല്‍ബിയും എല്‍എല്‍എമ്മും പൂര്‍ത്തിയാക്കി.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയില്‍ പുതിയ സ്പീക്കര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *