കുട്ടിക്കാലത്ത് കേട്ടതല്ല സത്യം, അടുത്തിടപെട്ടപ്പോഴാണ് ആര്‍ എസ് എസിനെ കുറിച്ചുള്ള ആ രഹസ്യം മനസിലായതെന്ന് അനില്‍ കെ ആന്റണി

തിരുവനന്തപുരം: ആര്‍എസ്എസിന്റെ സമീപനത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന ധാരണ അപ്പാടെ മാറിയെന്ന് എ.കെ ആന്റണിയുടെ മകനും നിലവില്‍ ബിജെപി നേതാവുമായ അനില്‍ കെ. ആന്റണി. താന്‍ ജനിച്ചുവളര്‍ന്നപ്പോള്‍ ആര്‍എസ്എസിനെ കുറിച്ച് കേട്ടതല്ല അവരുമായി അടുത്തപ്പോള്‍ മനസിലായതെന്ന് അനില്‍ വെളിപ്പെടുത്തി. രാജ്യത്ത് സംഘത്തിനെതിരെ വളരെയധികം കുപ്രചരണങ്ങള്‍ നടക്കുന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

ആര്‍എസ്എസിനെതിരെയുള്ള കുപ്രചരണങ്ങള്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്ത് എന്റെ ചുറ്റിലുമുണ്ടായിരുന്ന കോണ്‍ഗ്രസുകാര്‍ പറഞ്ഞിരുന്നത് ബിജെപി ഒരു വര്‍ഗീയ പാര്‍ട്ടി ആണെന്നായിരുന്നു.

ഒരിക്കലും അത് ശരിയല്ല. 2014ല്‍ പ്രധാനമന്ത്രിയായപ്പോള്‍ മോദിജി ആദ്യം പറഞ്ഞത് താന്‍ 130 കോടി ജനങ്ങളുടെയും (അന്നത്തെ ജനസംഖ്യ) പ്രധാനമന്ത്രി ആണെന്നാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെയും അദ്ദേഹത്തിന്റെയും പ്രവര്‍ത്തനം അത് തെളിയിച്ചു”. ഇന്ത്യ രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മോദിയുടെ ആരാധകനാകാതെയിരിക്കാന്‍ കഴിയില്ലെന്ന് അനില്‍ പറയുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി ഈ കാലഘട്ടത്തില്‍ രാജ്യത്തെ നയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. ദിശാബോധമില്ലാതെയാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും അനില്‍ ഉന്നയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *