അനിലിന്റെ തീരുമാനം തെറ്റ്: വേദനയോടെ ആന്റണി

തിരുവനന്തപുരം: എന്റെ ജീവിതത്തിന്റെ അവസാനമായി. 82 വയസ്സായി. ഇനിയെത്ര നാള് ജീവിക്കുമെന്ന് അറിയില്ല. മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി മാത്രമായിരിക്കും. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുന്ന നെഹ്റു കുടുംബത്തോടായിരിക്കും എല്ലാ കാലത്തും എന്റെ കൂറ്. ഇനി അനിലുമായി (അനില്‍ കെ.ആന്റണി) ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും തയാറല്ല’- മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എ.കെ. ആന്റണി വികാരഭരിതനായി. ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ പിന്‍വാങ്ങി.
ബി.ജെ.പിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് ആന്റണി പറഞ്ഞു. അത് തെറ്റായ തീരുമാനമായിപ്പോയി. ഇന്ത്യയുടെ ഐക്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച നയങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സാവകാശത്തിലായിരുന്നു.
2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ വന്നശേഷം നാനാത്വത്തില്‍ ഏകത്വമെന്നതിന് പകരം എല്ലാ രംഗത്തും ഏകത്വം അടിച്ചേല്പിക്കാനാണ് ശ്രമം. ഇതിന്റെ ഫലമായി രാജ്യത്തിന്റെ ഐക്യം ദുര്‍ബലമാകുന്നു. ഇത് ആപല്‍ക്കരമാണ്. അവസാന ശ്വാസം വരെയും താന്‍ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും തെറ്റായ നിലപാടിനെതിരെ ശബ്ദമുയര്‍ത്തും. സ്വാതന്ത്ര്യസമരകാലം മുതല്‍ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വര്‍ണമോ നോക്കാതെ എല്ലാ ഇന്ത്യാക്കാരെയും ഒരുപോലെ കണ്ടവരാണ് നെഹ്റുകുടുംബം. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ നിലനിറുത്താന്‍ ഇന്നും ആ കുടുംബം പോരാടുന്നു
ഒരു കാലത്ത് തന്നോടൊപ്പം വളര്‍ന്ന തലമുറയെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് ഇന്ദിരാഗാന്ധിയാണ്. ഒരു ഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുമായി തനിക്ക് അകലേണ്ടി വന്നു. തിരികെയെത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയോടും ആ കുടുംബത്തോടും മുമ്പത്തേക്കാള്‍ കൂടുതല്‍ ആദരവും സ്നേഹവുമുണ്ടായിട്ടുണ്ട്. താന്‍ എല്ലാക്കാലത്തും ആ കുടുംബത്തോടൊപ്പമാണെന്നും ആന്റണി പറഞ്ഞു.