ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മറ്റൊരു പ്രതി കൂടി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെയാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി തുടരന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ, നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും കുട്ടിയുടെ അച്ഛൻ പിന്നീട് വ്യക്തമാക്കി.

2023 നവംബറിലാണ് ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് തെരച്ചിൽ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികൾ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. മുന്ന് പേരും റിമാൻഡിലായി. പിന്നീട് ഉപരിപഠനത്തിനായി അനുപമയ്ക്ക് കോടതി ജാമ്യം നൽകിയിരുന്നു.

കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ നാലാമതൊരാൾ കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞത് പരിശോധിക്കുന്നതിനാണ് തുടരന്വേഷണം എന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.മകളെ തട്ടിക്കൊണ്ട് പോയത് നാലുപേർ ചേർന്നാണെന്ന് മകൻ പറഞ്ഞ സംശയമാണ് പങ്കുവച്ചത്. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി എം എം ജോസാണ് തുടരന്വേഷണ അപേക്ഷ സമർപ്പിച്ചത്. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *