കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സുരക്ഷാ വീഴ്ച; മൊബൈൽ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജെയ്‌ലിൽ നിന്നും വീണ്ടും മൊബൈൽ പിടികൂടി. അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപം കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. മൊബൈൽ ഫോണിന് പുറമെ പവർബാങ്ക്, സിംകാർഡ്, ചാർജിംഗ് വയർ, ഹെഡ്സെറ്റ് തുടങ്ങിയവയും കുപ്പിയിൽനിന്ന് കണ്ടെടുത്തു. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തൽ. ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ, ലഹരിവസ്‌തുക്കൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടികൂടുന്നത് തുടർക്കഥയാവുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപാണ് കണ്ണൂർ സെൻട്രൽ ജയിലിനകത്തേക്ക് മതിൽക്കെട്ടിന് മുകളിലൂടെ ലഹരി എറിഞ്ഞുകൊടുക്കുന്ന സംഘത്തെ പൊലീസ് പിടികൂടിയത്. പുറത്തുനിന്ന് ജയിലിനകത്തേക്ക്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞവർഷം പിടിയിലായ പനങ്കാവ്‌ സ്വദേശായായ യുവാവ് വെളിപ്പെടുത്തിയിരുന്നു.

പുറത്തുള്ള സഹായികൾ ആവശ്യമായ വസ്തുക്കൾ ദേശീയപാതയോട് ചേർന്നുള്ള ജയിൽ മതിലിന് സമീപത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നു. ആദ്യം കല്ലെറിഞ്ഞുകൊണ്ട് സിഗ്നൽ നൽകും, തുടർന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും മതിലിനു മുകളിലൂടെ എറിഞ്ഞുകൊടുക്കും. ഈ സേവനത്തിന് പുറത്തുള്ളവർക്ക് 1000 മുതൽ 2000 രൂപ വരെ, പ്രതിഫലം ലഭിക്കുന്നു. വിതരണം പൂർത്തിയായാൽ ഗൂഗിൾ പേയിലൂടെ പണം അയച്ചുകൊടുക്കലാണ് പതിവെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ