മുഖ്യമന്ത്രിക്കും റിയാസിനും എതിരെ അൻവർ വീണ്ടും

തിരുവനന്തപുരം : വിവാദങ്ങൾക്കുശേഷം നിയമസഭയിലെത്തിയ ആദ്യദിനം സഭാ മന്ദിരത്തിനു പുറത്തു മാധ്യമങ്ങൾക്കു മുന്നിൽ മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ആഞ്ഞടിച്ച അൻവർ, മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ പിന്നീടു ഖേദപ്രകടനം നടത്തി. കള്ളക്കടത്തിനു പിന്നിൽ താനാണെന്നു മുഖ്യമന്ത്രി പറഞ്ഞതു ശുദ്ധ തെമ്മാടിത്തരമെന്നും അങ്ങനെയൊരു കാര്യം പിണറായി അല്ല, പിണറായിയുടെ അപ്പന്റെ അപ്പൻ പറ‍ഞ്ഞാലും മറുപടി കൊടുത്തിരിക്കുമെന്നും അൻവർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ, നാവുപിഴയാണെന്നും ആ അർഥത്തിലല്ല ഉദ്ദേശിച്ചതെന്നുമുള്ള വിശദീകരണം പിന്നീട് ഫെയ്സ്ബുക് പേജിൽ നൽകി. തന്നെ കള്ളനാക്കി പ്രസ്താവന നടത്തുന്നതു മുഖ്യമന്ത്രിയുടെ മേലെയുള്ള എത്ര വലിയവനായാലും പ്രതികരിക്കും എന്നാണുദ്ദേശിച്ചത്. മുഖ്യമന്ത്രിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു .

എന്നാൽ മുഖ്യമന്ത്രിയും കുടുംബവും അധികം വൈകാതെ അമേരിക്കയിൽ സ്ഥിരതാമസമാക്കുമെന്നും വിശദാംശങ്ങൾ പുറത്തുവിടുമെന്നും രാവിലെ അൻവർ മാധ്യമങ്ങൾക്കു മുൻപിൽ തുറന്നടിച്ചിരുന്നു. കപ്പൽ മുങ്ങുകയും കപ്പിത്താനും കുടുംബവും രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്കു പാർട്ടിയും സർക്കാരും പോവുകയാണ്. അത്രയും വലിയ ബാന്ധവമാണ് ആർഎസ്എസുമായി പിണറായിക്കുള്ളത്.

രണ്ടു പ്രധാന വകുപ്പുകൾ മരുമകനു കൊടുത്തതെന്തിനെന്നു പാർട്ടിക്കാർ ആലോചിക്കണം. ജി.സുധാകരൻ അന്തസ്സോടെ കൊണ്ടുനടന്ന വകുപ്പാണു പിഡബ്ല്യുഡി. 5 വർഷം നന്നായി ഭരിച്ചതിന്റെ മേന്മ പിന്നീടുള്ള 2 വർഷം കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ദേശീയപാതയൊഴിച്ചുള്ള റോഡുകളിൽ യാത്ര ചെയ്യാൻ പറ്റുമോ? ഒരു കുഴി പോലും അടച്ചിട്ടില്ല. റിയാസ് ടൂറിസം മന്ത്രിയായശേഷം എത്ര സ്റ്റാർ ഹോട്ടലുകൾ വന്നുവെന്നും അവയ്ക്കൊക്കെ എങ്ങനെയാണു ക്ലാസിഫിക്കേഷൻ കിട്ടിയതെന്നും മാധ്യമങ്ങൾ അന്വേഷിക്കണം.

താൻ ഉന്നയിച്ച ആരോപണങ്ങളിൽ പിണറായി വിജയനു കീഴിലുള്ള ആഭ്യന്തരവകുപ്പ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ല. ജുഡീഷ്യൽ അന്വേഷണം വേണമെന്നും അതിൽ തനിക്കെതിരെയുള്ള കാര്യങ്ങൾ കൂടി അന്വേഷിക്കുന്നതിൽ വിരോധമില്ലെന്നുമാണു ഗവർണർക്കു കത്തു കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *