ഇരട്ടചങ്കന്റെ ഇമേജിനെ പൊളിച്ചടുക്കി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും പിവി അന്‍വര്‍ നല്‍കുന്നത് ‘ഭൂകമ്പ’ സമാനമായ രാഷ്ട്രീയ ആക്രമണം. കേരളത്തില്‍ ഇന്നുവരെ ഒരു പാര്‍ട്ടിക്കും വ്യക്തിയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധമായിരുന്നു അന്‍വറിന്റെ ചാട്ടുളി പ്രയോഗം. കോണ്‍ഗ്രസിനേയും മുസ്ലീംലീഗിനേയും കളിയാക്കി യഥാര്‍ത്ഥ പ്രതിപക്ഷം താനാണെന്ന് വരുത്താനായിരുന്നു അന്‍വറിന്റെ ശ്രമം. പിണറായി വിരുദ്ധരെ ആകെ തന്റെ പിറകില്‍ അടുപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നിലമ്പൂരിലെ എംഎല്‍എ നടത്തിയത്. പിണറായിയുടെ പാര്‍ട്ടിയ്ക്കുള്ളിലെ പഴയ ശത്രു വി എസ് അച്യുതാനന്ദന് പോലും ചെയ്യാത്ത കടന്നാക്രമണമായിരുന്നു അന്‍വറിന്റേത്. പിണറായിയുടെ ചിരിയേയും വാക്കുകളേയും എല്ലാം പരിഹസിക്കുന്ന മിമിക്രി പോലും അന്‍വര്‍ നടത്തി. കേരളത്തിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയക്കാരന് എന്ന പിണറായിയുടെ ഇമേജിലേക്കാണ് അന്‍വറിന്റെ വാക്കുകള്‍ ചെന്നു കൊള്ളുന്നത്.
സിപിഎമ്മില്‍ പിണറായി വിചാരിക്കുന്നതേ മാത്രമേ നടക്കുവെന്ന് വരുത്താനാണ് അന്‍വര്‍ ശ്രമിച്ചത്. പിണറായിയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് പിന്നിലെ ഘടകം കുടുംബ ബന്ധമാണെന്ന് ഇത്ര പരസ്യമായി ഇതിന് മുമ്പ് മറ്റാരും ആരോപിച്ചിട്ടില്ല. പാര്‍ട്ടിയ്ക്കുള്ളില്‍ പോലും ചില കേന്ദ്രങ്ങള്‍ക്ക് ഈ വിമര്‍ശനമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയുള്ള കടന്നാക്രമണമാണ് അന്‍വര്‍ നടത്തിയത്. ഇതിന് പിന്നില്‍ സിപിഎമ്മിലെ തന്നെ ചിലരുണ്ടെന്ന അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു.
ഈ രഹസ്യ കേന്ദ്രങ്ങള്‍ പോലും അന്‍വറിന്റെ കടന്നാക്രമണത്തില്‍ ഞെട്ടി. സിപിഎമ്മിലെ അണികളെ പ്രത്യേകിച്ച് നിലമ്പൂരിലുള്ളവരെ വിശ്വാസത്തില്‍ എടുക്കും വിധം അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ ന്യൂനപക്ഷങ്ങളിലേക്ക് കടന്നു കയറാനുള്ള സിപിഎം ശ്രമങ്ങള്‍ക്കും തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ അന്‍വറിനെ പൂര്‍ണ്ണമായും തള്ളി പ്രത്യാക്രമണം സിപിഎം നടത്തും. പിണറായി വിജയന് മുന്നില്‍ നിന്ന് നയിക്കാതെ പാര്‍ട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടായി അന്‍വറിനെ തള്ളി പറയും. വലിയ ഗൂഡാലോചന ഇതിലുണ്ടെന്ന് സിപിഎം കരുതുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടിയ സിപിഎമ്മിന് വലിയ പ്രഹരമായി ഇത് മാറുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മലബാറില്‍ യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നതാകും അന്‍വറിന്റെ ഇടപെടലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വരാനിരിക്കുന്ന വയനാട് ലോക്സഭയിലേക്കും പാലക്കാട്ടേയും ചേലക്കരയിലേയും നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ മുന്‍തൂക്കം ഈ രാഷ്ട്രീയ സാഹചര്യം നല്‍കുമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് സമ്പൂര്‍ണ്ണ പരാജയമെന്നാണ് അന്‍വര്‍ പറഞ്ഞു വച്ചത്. ഇനിയും പിണറായിയെ പ്രതിരോധത്തിലാക്കാന്‍ താന്‍ മുന്നില്‍ നില്‍ക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ അനുകൂലമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് അന്‍വര്‍ തയ്യാറാകും. ഈ സാഹചര്യത്തെ മുസ്ലീം ലീഗും ഗൗരവത്തോടെ കാണുന്നുണ്ട്.