ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അദ്ദഹമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് വരാപ്പുഴ ആർച്ച് ബിഷപ്പ്

കൊച്ചി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ അദ്ദഹമൊത്തുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും സന്തോഷവും സമാധാനവും നല്‍കുന്നതായിരുന്നുവെന്ന് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ പാപ്പയക്കൊപ്പം ഈ കാലഘട്ടത്തില്‍ ജീവിക്കാനായതാണ് തനിക്ക് ആത്മീയ ആനന്ദമെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു.

2013 മാര്‍ച്ച് മാസത്തില്‍ പുതിയ പോപ്പിനെ പ്രഖ്യാപിക്കുമ്പോള്‍ വത്തിക്കാന്‍ സ്‌ക്വയറില്‍ ആകാംഷയോടെ കാത്തിരുന്നവരില്‍ ഒരാള്‍ താനായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ ഓര്‍ത്തെടുക്കുന്നു. ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പൊലീത്തയായിരുന്ന ഹോര്‍ഹെ മരിയോ ബെര്‍ഗോളിയേയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ആരാണ് അതെന്ന് പലരും പരസ്പരം ചോദിച്ചു. അദ്ദേഹത്തെ അറിയാത്ത മെത്രാന്‍മാരും ഉണ്ടായിരുന്നു. സ്വതസിദ്ധമായ ശൈലിയിലൂടെയും പ്രാര്‍ത്ഥനാ ജീവിതത്തിലൂടെയും ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നക്ഷത്രമായി അദ്ദേഹം മാറിയത് വളരെ പെട്ടന്നായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ഓര്‍ക്കുന്നു.

മൂന്ന് വര്‍ഷക്കാലം പോപ്പിനൊപ്പം ആര്‍ച്ച് ബിഷപ്പ് റോമില്‍ ജോലി ചെയ്തു. പോപ്പിനൊപ്പം കുര്‍ബാന അര്‍പ്പിക്കാനായത് അസുലഭ അവസരമാണ്. കുര്‍ബാനയ്ക്ക് ശേഷം പ്രത്യേക ഇരിപ്പിടത്തിലേക്ക് പോകാതെ ചാപ്പലിന് പിന്‍ഭാഗത്തുള്ള ബെഞ്ചിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന പാപ്പയുടെ രൂപം ഡോ ജോസഫ് കളത്തിപ്പറമ്പിലിന്റെ മനസില്‍ മായാതെ നില്‍ക്കുന്നു. തന്റെ അമ്മയ്ക്ക് പോപ്പ് നല്‍കിയ ആശിര്‍വാദവും സ്‌നേഹാന്വേഷണങ്ങളും ഇന്നും ചെവിയില്‍ മുഴങ്ങുന്നുവെന്ന് ബിഷപ്പ് പറയുന്നു.

സൗകര്യങ്ങള്‍ നിറഞ്ഞ അപ്പസ്‌തോലിക അരമന ഉണ്ടായിട്ടും കാസ സാന്ത മര്‍ത്തയിലെ താമസക്കാരനായ പാപ്പ, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളില്‍ ആശങ്കാകുലനായിരുന്നു. കുടിയേറ്റക്കാരുടെ വിഷയവുമായി ബന്ധപ്പെട്ട കാര്യാലയത്തിന്റെ ചുമതലക്കാരനായിരുന്നു കളത്തിപ്പറമ്പിലിനോട് കണ്ടുമുട്ടുമ്പോഴെല്ലാം ജോലിയെക്കുറിച്ചും കുടിയേറ്റക്കാരെക്കുറിച്ചും അന്വേഷിച്ചിരുന്നു. കത്തോലിക്കാ സഭയില്‍ തന്റേതുമാത്രമായ അതിവിശുദ്ധ സ്ഥാനം ഭൂമിയില്‍ ബാക്കിവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യാത്രയാകുമ്പോള്‍ ആ കാലഘട്ടത്തില്‍ ഈ ഭൂമിയില്‍ ജീവിക്കാനായതിന്റെ ആത്മീയ സന്തോഷത്തോടെയാണ് പോപ്പിന് ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ യാത്രാമംഗളം നേരുന്നത്.

മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം വിതുമ്പുകയാണ്. പോപ്പിന്‍റെ മരണ വാർത്തക്ക് പിന്നാലെ പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്. അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *