ലോകകീരിടം മെസ്സിപ്പടയ്ക്ക്; മനം കവര്‍ന്ന് എംബാപെ

കാത്തിരിപ്പിന് വിരാമം. സാധ്യതകൾ മാറിമറിഞ്ഞ കലാശപ്പോരിൽ ഷൂട്ടൗട്ടില്‍ ഫ്രാൻസിനെ പരാജയപ്പെടുത്തി ഫുട്ബോൾ വിശ്വകിരീടം അർജൻ്റീനക്ക്. ഷൂട്ടൌട്ടിൽ നാല് ഗോളുകൾ അർജൻ്റീന നേടിയപ്പോൾ രണ്ടെണ്ണം മാത്രമാണ് ഫ്രാൻസ് ഗോളാക്കിയത്. അര്‍ജന്റീനയുടെ മെസ്സി, പൗലോ ഡീബാല, ലിയാന്‍ഡ്രോ പാരഡെസ്, ഗോണ്‍സാലോ മോണ്ടീല്‍ എന്നിവരാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടിയത്. ഫ്രാന്‍സിന്റെ എംബാപ്പെ, റണ്ടല്‍ കോളോ മുവാനി എന്നിവര്‍ ഗോളാക്കിയപ്പോള്‍ കിംഗ്സ്ലി കോമാന്റെ ഷോട്ട് ഗോളി എമിലിയാനോ മാര്‍ട്ടിനസ് തടയുകയും ഔഴില്യന്‍ ചൗമേനിയുടെത് പുറത്തേക്ക് പോകുകയും ചെയ്തു.  സ്കോർ അർജൻ്റീന 3(4), ഫ്രാൻസ് 3(2).

അധിക സമയത്ത് ഇരുടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനിലയിലായിരുന്നു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഹാട്രിക് അടിച്ചു. നിശ്ചിത സമയത്തിന് സമാനമായി പരാജയമെന്നുറപ്പിച്ച ഘട്ടത്തില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെയാണ് അധിക സമയത്തും ഫ്രാന്‍സ് പോരാട്ടവീര്യം പുറത്തെടുത്തത്. ഈ ലോകകപ്പിൽ എട്ട് ഗോളുകൾ നേടി എംബാപ്പെയാണ് മുന്നിൽ. 108ാം മിനുട്ടില്‍ മെസ്സിയാണ് ഗോള്‍ നേടിയത്. ലൗതാരോ മാര്‍ട്ടിനെസിന്റെ ഉഗ്രന്‍ ഷോട്ട് ഗോളി തടഞ്ഞെങ്കിലും മെസ്സി അത് ഗോളാക്കുകയായിരുന്നു. 116ാം മിനുട്ടില്‍ അര്‍ജന്റീനയുടെ ഗോണ്‍സാലോ മൊണ്ടീലിന്റെ കൈയില്‍ ബോള്‍ തൊടുകയും ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുകയും ചെയ്തു. 118ാം മിനുട്ടില്‍ എംബാപ്പെ പെനാല്‍റ്റി ഗോളാക്കി.

Leave a Reply

Your email address will not be published. Required fields are marked *