അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന് ഹൈക്കോടതിയുടെ ആശ്വാസം. ഇടുക്കിയിൽ ആഴ്ചകളായി പരാക്രമം കാട്ടുന്ന അരിക്കൊമ്പൻ എന്ന കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് വീഴ്ത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ബുധനാഴ്ച വരെ അരിക്കൊമ്പനെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രത്യേക സിറ്റിംഗിലാണ് ഹൈക്കോടതി സുപ്രധാന തീരുമാനം എടുത്തത്. ഈ മാസം 29ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അതുവരെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ വനം വകുപ്പിന് കോടതി നിർദേശം നൽകി.
ഇടുക്കിയിലെ ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിൽ വിളയാടുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് വീഴ്ത്താൻ മിഷൻ അരിക്കൊമ്പൻ ദൗത്യത്തിന് വനംവകുപ്പ് ഒരുങ്ങിയിരുന്നു. ശനിയാഴ്ച ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു തീരുമാനം.