കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി നേതാക്കളുടെ സംഘം നാളെ ഛത്തിസ്ഗഡിലേക്ക്

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ നാളെ ഛത്തീസ്ഗഡിലേക്ക്. അനില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോവുക. കന്യാസ്ത്രികളുടെ അറസ്റ്റില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള സംഘം നാളെ ചത്തീസ്ഗഡില്‍ എത്തും.സഭ അംഗങ്ങള്‍ക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും നല്‍കും.
സിപിഐഎം വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു”-എസ്. സുരേഷ് പറഞ്ഞു.
അതേസമയം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് നല്‍കില്ല. കേസിന്റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം അപേക്ഷ നല്‍കും. പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകമാണ്. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആര്‍പിഎഫ് ചോദ്യം ചെയ്യും.
കോടതി റിമാന്‍ഡ് ചെയ്ത കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജില്ലാ ജയിലില്‍ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. ഛത്തീസ്ഗഡില്‍ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാല്‍ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.