അറസ്റ്റിലായ ചലച്ചിത്ര നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

അവതരാകയോടുളള മോശമായ പെരുമാറ്റത്തില്‍ അറസ്റ്റിലായ ശ്രീനാഥ് ഭാസിക്ക് ജാമ്യം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീനാഥിനെ വിട്ടയച്ചു. കേസ് അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ താന്‍ പ്രതികരിക്കാനില്ലെന്നും ജാമ്യത്തില്‍ ഇറങ്ങവെ ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് നടന്‍ അറിയിച്ചിരുന്നു. പിന്നീട് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍(PC 509), ലൈംഗിക ചുവയോടെ സംസാരിക്കല്‍ (IPC – 354 A), പൊതുസ്ഥലത്ത് അസഭ്യം പറയുക ( IPC 294-A) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന്‍ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു.

വിഷയത്തില്‍ ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ റെഡ് എഫ് എം അവതാരകനെ തെറിവിളിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *