മലപ്പുറം: കോഴിക്കോട് കടപ്പുറത്ത് വ്യാഴാഴ്ച നടക്കുന്ന കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. റാലിയില്‍ പങ്കെടുക്കേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചതായാണ് വിവരം. കെ.പി.സി.സി നിര്‍ദേശം ലംഘിച്ച് ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നവംബര്‍ മൂന്നിന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന്റെ പേരില്‍ ഒരാഴ്ചത്തേക്ക് ഷൗക്കത്തിന് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചക്കകം അച്ചടക്കസമിതി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതുവരെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നും കാണിച്ച് കെ.പി.സി.സി ഷൗക്കത്തിന് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി വിലക്കുണ്ടായതിനാല്‍ മലപ്പുറത്ത് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുത്ത സംഘടന കണ്‍വെന്‍ഷനില്‍ ഷൗക്കത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്നും താക്കീത് നല്‍കിയാല്‍ മതിയെന്നുമുള്ള അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞയാഴ്ച കെ.പി.സി.സിക്ക് കൈമാറിയിരുന്നു. എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് തലസ്ഥാനത്തെത്തിയില്ലെന്ന് പറഞ്ഞ് ഇക്കാര്യത്തില്‍ നേതൃത്വം തീരുമാനം വൈകിപ്പിക്കുകയാണെന്ന് ജില്ലയിലെ എ ഗ്രൂപ് നേതാക്കള്‍ ആരോപിക്കുന്നു. ഇക്കാര്യത്തിലെ കടുത്ത അതൃപ്തി ഗ്രൂപ് നേതൃത്വം കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചിട്ടുണ്ട്. 24ന് കെ. സുധാകരന്‍ തലസ്ഥാനത്ത് എത്തിയ ശേഷമായിരിക്കും ഷൗക്കത്തിനെതിരായ അച്ചടക്ക സമിതി റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടാവുക.