കെ.പി.സി.സി നിര്‍ദ്ദേശം ലംഘിച്ച് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്ത്

തിരുവനന്തപുരം: കെ.പി.സി.സി നിര്‍ദ്ദേശം ലംഘിച്ച് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്ത് വിശദീകരണം നല്‍കിയെന്ന് അച്ചടക്കസമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമിതി കൂടി വിശദമായ കാര്യങ്ങളെക്കുറിച്ച് രണ്ടരമണിക്കൂര്‍ സംസാരിച്ചു. ഷൗക്കത്ത് എഴുതി തയ്യാറാക്കിയ നല്‍കിയ കത്ത് രഹസ്യസ്വഭാവത്തിലുള്ളതാണ്. അത് സമിതി ഫയലില്‍ സ്വീകരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതിനാല്‍ നാളെ വീണ്ടും അച്ചടക്കസമിതി ചേരും. ഡി.സി.സി ഭാരവാഹികളെയും മലപ്പുറം ജില്ലയിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെയും സമിതി കേള്‍ക്കും. അവര്‍ക്കുള്ള അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. സി.പി.എം ഇക്കാര്യത്തില്‍ വെറുതെ കാത്തിരിക്കുകയാണ്.

അവര്‍ ലീഗുമായി സംസാരിച്ചതും ഷൗക്കത്തിനെ ഉന്നംവച്ചതുമടക്കം തൊട്ടതെല്ലാം കുഴപ്പത്തിലായി. കോണ്‍്രഗസില്‍ നിന്നും യു.ഡി.എഫില്‍ നിന്നും ആരെയും ഉന്നം വച്ച് സി.പി.എം ഒരു കളിക്കും പോകേണ്ടതില്ല. അതെല്ലാം പരാജയത്തില്‍ കലാശിക്കും. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങള്‍ക്കൊപ്പം ഉള്ളത്. സി.പി.എം ക്ഷണിച്ചു കൊണ്ടുപോയ കെ.വി. തോമസിന്റെ ഗതിയെന്തായെന്നും അദ്ദേഹം ചോദിച്ചു. അച്ചടക്ക സമിതിക്ക് മുമ്പില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചുവെന്നും പാലസ്തീന്റെ കാര്യത്തിലുള്ള നിലപാടില്‍ മാറ്റമില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം സമിതിക്ക് മുമ്പില്‍ ഹാജരായി വിശദീകരണം നല്‍കും.

ഒരാഴ്ച്ക്കാലം കെ.പി.സി.സി വിലക്കുള്ളതിനാല്‍ മലപ്പുറത്തെ പ്രത്യേക കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല. താന്‍ നല്‍കിയ വിശദീകരണം പാര്‍ട്ടി ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ താന്‍ സി.പി.എം പരിപാടിക്ക് പങ്കെടുക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്കസമിതിയോഗം വീണ്ടും എട്ടിന്

തിരുവനന്തപുരം: കെ.പി.സി.സി അച്ചടക്കസമിതി വീണ്ടും എട്ടിന് യോഗം ചേരും. മലപ്പുറം ഡി.സി.സി, ആര്യാടന്‍ഷൗക്കത്ത് എന്നിവരുടെ ആവശ്യം പരിഗണിച്ച് ജില്ലയിലെ ഡി.സി.സി ഭാരവാഹികളെയും മറ്റ് നേതാക്കളെയും സമിതി വിളിപ്പിക്കും. ആകെ 29 പേരാണ് അന്ന് ഹാജരാവുക. രണ്ട് ഘട്ടങ്ങളിലായാവും വിശദീകരണം സ്വീകരിക്കുക. എട്ടിന് രാവിലെ 11 മുതല്‍ ഡി.സി.സി അദ്ധ്യക്ഷന്‍ വി.എസ്. ജോയി അടക്കമുള്ള ഭാരവാഹികളോട് വിഷയത്തിലുള്ള വിശദീകരണം ആരായും. 13 പേരാവും വിശദീകരണം നല്‍കാനെത്തുക.

ഉച്ചയ്ക്ക് ശേഷം സി.ഹരിദാസ്, റിയാസ് മുക്കോളി തുടങ്ങി 11 മുതിര്‍ന്ന നേതാക്കളും പ്രമുഖ പ്രവര്‍ത്തകരും സമിതിക്കു മുമ്പിലെത്തുമെന്ന് സമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേരള കൗമുദിയോട് പറഞ്ഞു. പുനഃസംഘടനയില്‍ വന്ന പാളിച്ചകളടക്കം സമഗ്ര വിഷയങ്ങള്‍ അച്ചടക്കസമിതിക്ക് മുമ്പില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അടുത്ത യോഗത്തിലും ഇത്തരം വിഷയങ്ങളടക്കം ജില്ലയിലെ എല്ലാ പ്രശ്നങ്ങളും പരിഗണിച്ചാവും സമിതി കെ.പി.സി.സിക്ക് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *