ആര്യാടൻ ഷൗക്കത്ത് ആധുനിക കേരളത്തിലെ സാമൂഹ്യ പരിഷ്ക്കർത്താവാണ്; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം :ഷൗക്കത്ത് തിരക്കഥയെഴുതി നിർമ്മിച്ച പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ സിനിമകൾ കേരളത്തിൽ മുസ്ലിം സമുദായത്തിൽ ഒരു സാമൂഹ്യ വിപ്ലവം സൃഷ്ടിച്ചു. അതുകൊണ്ടാണ് ദേശീയ-സംസ്ഥാന സർക്കാരുകളുടെ ദേശീയോദ്ഗ്രഥന പുരസ്ക്കാരങ്ങൾ ലഭിച്ചത്.

വി.ടി. ഭട്ടതിരിപ്പാടിൻ്റെ ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്, എന്ന നാടകമാണ് മറക്കുടയുടെ മറവിൽ നിന്നും നമ്പൂതിരി സ്ത്രീകളെ മോചിപ്പിച്ചത്. ഇതിനു സമാനമായി മുസ്ലീം സ്ത്രീകളിൽ അഭിമാന ബോധവും സ്വതന്ത്രചിന്തയും വളർത്തി വിദ്യാഭ്യാസത്തിലും തൊഴിലിലും ഔന്നത്യം നേടാൻ അവർക്ക് പ്രേരകശക്തിയായത് ആര്യാടൻ ഷൗക്കത്തിൻ്റെ സിനിമകളാണ്.

1992-ൽ ഞാൻ പ്രസിഡണ്ടായി കേരളദേശീയവേദി എന്ന സാമൂഹ്യ സംഘടന രൂപീകരിച്ചപ്പോൾ മലപ്പുറം ജില്ലാ പ്രസിഡണ്ടായി കണ്ടെത്തിയത് ആര്യാടൻ ഷൗക്കത്തിനെയാണ്. മലപ്പുറം ജില്ലയിൽ വളരെ ക്രിയാത്മകമായ സാമൂഹ്യ-സാംസ്ക്കാരിക പ്രവത്തനമാണ് ഷൗക്കത്ത് ആവിഷ്ക്കരിച്ചത്. ഞാൻ രചിച്ച ‘ ‘ചാരായമേ, വിട, ‘കേരളോദയം’ എന്നീ നാടകങ്ങൾ ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ ഗ്രാമതലത്തിൽ വരെ അവതരിപ്പിച്ചു. ഇതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് തിരിഞ്ഞത്.

സംസ്ക്കാര സാഹിതി ചെയർമാൻ എന്ന നിലയിൽ നടത്തിയ കലാജാഥകളിൽ ഷൗക്കത്ത് രചിച്ച് സംവിധാനം ചെയ്ത തെരുവുനാടകങ്ങൾ അരങ്ങേറിയിരുന്നു. അവയെല്ലാം കേരളീയ സമൂഹത്തിലെ ജീർണ്ണതകൾക്കെതിരായ ആശയ പ്രചരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *