മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. കെപിസിസിക്ക് നല്കിയ പുനസംഘടനാ പരാതിയില്‍ പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പുനസംഘടനാ ഉപസമിതിയില്‍ നിന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തും മുന്‍ ഡിസിസി പ്രസിഡന്റും എംപിയുമായിരുന്ന സി. ഹരിദാസും രാജി വെച്ചിരുന്നു. തുടര്‍ന്ന് വി.എസ്. ജോയിക്കെതിരെ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയും കെ.സി. വേണുഗോപാലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മലപ്പുറത്ത് ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു എ ഗ്രൂപ്പിന്റെ തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധം.
ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡല പുനസംഘടനയില്‍ എ ഗ്രൂപ്പിനെ അവഗണിച്ചുവെന്ന് ആരോപിച്ച് ഉടലെടുത്ത തര്‍ക്കം കെപിസിസിക്ക് കിറാമുട്ടിയായ അവസ്ഥയിലാണിപ്പോള്‍. ഡിസിസിയുടെ നേതൃത്വത്തിലുള്ള പരിപാടിക്ക് ബദലായി പരിപാടി സംഘടിച്ച് നേതൃത്വത്തിനെ വെല്ലുവിളിച്ചിരിക്കുകയാണ് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ്.
ഡിസിസിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കാന്‍ ഇരിക്കേ ആര്യാടന് ഫൗണ്ടേഷന്റെ പേരില്‍ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ച് തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ എ ഗ്രൂപ്പ് ശ്രമിക്കുകയാണ്. നവംബര്‍ 3നാണ് പരിപാടി. നിയോജക മണ്ഡലം അടിസ്ഥാനത്തിലും യുദ്ധ വിരുദ്ധ സദസ്സ് സംഘടിപ്പിക്കാനും ആര്യാടന് ഫൗണ്ടേഷന് തീരുമാനിച്ചിട്ടുണ്ട്.
തങ്ങള്‍ ഉന്നയിച്ച പ്രശ്നത്തില്‍ കെപിസിസി ഇടപടല്‍ ഉണ്ടാകുമെന്ന് എ ഗ്രൂപ്പ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. പരിഹാരം കാണാന്‍ കെപിസിസി ശ്രമിക്കാത്ത സാഹചര്യത്തിലാണ് ഡിസിസിയെ വെല്ലുവിളിച്ച് സമാന്തര പരിപാടിയുമായി എ ഗ്രൂപ്പ് നീങ്ങുന്നതെന്ന് ജില്ലയിലെ ഒരു മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവ് പറഞ്ഞു. വിഷയം നേതൃത്വത്തിന്റെ തങ്ങളെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്കിയിരുന്നതുമാണ്. എന്നാല്‍ പാര്‍ട്ടി നേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും എ ഗ്രൂപ്പ് നേതാവ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും മുന്‍ മന്ത്രി എ.പി. അനില്‍കുമാറും ചേര്‍ന്ന് എ ഗ്രൂപ്പിനെ പൂര്‍ണമായും അവഗണിച്ചു. ഇരുവരും മലപ്പുറത്ത് കെ.സി.വേണുഗോപാല്‍ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് എന്നും എ ഗ്രൂപ്പ് നേതാക്കള്‍ക്ക് വിമര്‍ശനമുണ്ട്. ഷൗക്കത്ത് പക്ഷം നല്കിയ പേരുകള്‍ ഒന്നും പരിഗണിച്ചില്ലെന്നും സുധാകരന് പക്ഷത്തോടൊപ്പം ചേര്‍ന്ന് എ ഗ്രൂപ്പിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ആരോപിച്ചു.
ജില്ലയിലെ 110 മണ്ഡലങ്ങളിലെയും പ്രസിഡന്റുമാരെ ഒക്ടോബര്‍ എഴിന് കെപിസിസി പ്രഖ്യാപിച്ചിരുന്നു. പുനസംഘടനാ കമ്മിറ്റി 103 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കി കെപിസിസിക്ക് നല്കി. തര്‍ക്കമുള്ള ഏഴ് മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരെ പിന്നീട് തീരുമാനിക്കാനായിരുന്നു നേരത്തെ ധാരണയായിരുന്നത്. എന്നാല്‍ 22 മണ്ഡലങ്ങളില്‍ ധാരണക്ക് വിരുദ്ധമായി മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.
വി.എസ്.ജോയിക്കെതിരെയും എ.പി. അനില്‍ കുമാറിനെതിരെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഡിസിസി നേതൃത്വത്തിനെതിരെ തെറ്റിദ്ധാരണ പരത്തി ഒരു വിഭാഗം പ്രവര്‍ത്തകരെ ഇളക്കിവിട്ടിരിക്കുന്നതിന് പിന്നില്‍ ആര്യാടന് ഷൗക്കത്തും സി.ഹരിദാസുമാണെന്ന് ജില്ലയില്‍ നിന്നുള്ള ഒരു കെപിസിസി മെംബര്‍
പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തല്ക്കാലം നടപടികളിലേക്ക് ഒന്നും കടക്കേണ്ടതില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.അതേ സമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന ഗ്രൂപ്പ് യുദ്ധത്തില്‍ ജില്ലയിലെ നിര്‍ണായകമായ പാര്‍ട്ടിയായ മുസ്ലിം ലീഗിനും അസംതൃപ്തിയുണ്ട്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ തവണത്തെ സമാന വിജയം ആവര്‍ത്തിക്കാനുള്ള ശ്രമക്കള്ക്കിടയില് പാളയത്തിലെ പടയെന്നപോലെ ഗ്രൂപ്പ് തര്‍ക്കം ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന ഈ ചേരിപ്പോരിനെ ആശങ്കയോടെയാണ് ലീഗ് നേതൃത്വം നോക്കി കാണുന്നത്.
പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം എന്ന നിര്‍ദേശവുമായി ലീഗ് നേതൃത്വം കെപിസിസിയേയും ഡിസിസിയേയും സമീപിക്കുമെന്നാണ് സൂചനകള്‍. ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കം ജില്ലയിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മരണമണിയായി മാറുന്നതിന് മുമ്പ് കെപിസിസി പ്രസിഡന്റ് പ്രശ്ന പരിഹാരം കാണണമെന്നാണ് ലീഗിന്റെ ആവശ്യം.